തൃശൂർ: കരുവന്നൂർ കുംഭകോണത്തിന്റെ തീച്ചൂളയിൽ പെട്ടു നിൽക്കുന്നതിനിടെ സിപിഎം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് ഉച്ചയോടെ യോഗം നടക്കുക. അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് ഗോവിന്ദൻ തൃശൂരിലുള്ളത്.
കരുവന്നൂർ കേസ് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിന് പ്രാധാന്യമേറെയാണ്.
എ.സി. മൊയ്തീനെതിരെയുള്ള എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നീക്കങ്ങളെ എങ്ങിനെ പ്രതിരോധിക്കണമെന്നതാണ് ഇന്നത്തെ സെക്രട്ടേറിയറ്റിലെ പ്രധാന ചർച്ചയെന്നാണ് വിവരം.
ഇഡി അന്വേഷണം മുന്നോട്ടുപോകുന്പോൾ ശക്തമായ പ്രതിരോധ നടപടികളെടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്.
അതുകൊണ്ടുതന്നെ മൊയ്തീനടക്കമുള്ള നേതാക്കൾക്കെതിരേ ഇഡി നടപടിയുണ്ടായാൽ അതിനെ എങ്ങിനെയെല്ലാം നേരിടണമെന്നും യോഗം ചർച്ച ചെയ്യും.
സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളിലേക്ക് ഇനിയും ഇഡി റെയ്ഡുകൾ വരാൻ സാധ്യതയേറെയായതിനാൽ എന്തെല്ലാം അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും സെക്രട്ടേറിയറ്റ് ആസൂത്രണം ചെയ്യും.
തൃശൂരിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമാകുന്നുവെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. മൊയ്തീനും നേതാക്കൾക്കുമെതിരേ ഇഡിക്ക് പല സുപ്രധാന വിവരങ്ങളും കൈമാറിയത് പാർട്ടിക്കുള്ളിലെ ചിലരാണെന്നാണ് കരുതുന്നത്.
തൃശൂരിൽ വീണ്ടും തലപൊക്കിയിരിക്കുന്ന വിഭാഗീയത അപകടകരമായ തലത്തിലേക്കാണ് നീങ്ങുന്നതെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്ന അഭിപ്രായവും ചിലർക്കുണ്ട്.
എന്നാൽ, വിഭാഗീയത അവസാനിപ്പിക്കാൻ ഒറ്റുകാർക്ക െതിരേയും മറ്റും കർശന നടപടിയെടുത്താൽ അത് പാർട്ടിക്ക് നിലവിൽ കരുവന്നൂരിനേക്കാൾ വലിയ ക്ഷീണമാകുമെന്നതിനാൽ അച്ചടക്ക നടപടി ശാസനയിൽ ഒതുക്കിയേക്കുമെ ന്നാണു സൂചന.
സഹകരണബാങ്കുകളിൽ ഇഡി നടത്തിയ വ്യാപക റെയ്ഡുകളുടെ പശ്ചാത്തലത്തിൽ സഹകരണബാങ്കുകളിൽ പാർട്ടി പ്രവർത്തകർക്കടക്കം വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടെന്ന് പാർട്ടി നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
പലയിടത്തും നിക്ഷേപം പിൻവലിക്കാനെത്തിയവരിൽ പാർട്ടി പ്രവർത്തകരുമുണ്ടെന്ന റിപ്പോർട്ടുകളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സഹകരണബാങ്കുകളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനും അണികളിൽ, പ്രത്യേകിച്ച് താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കാനും ആവശ്യമായ കാര്യങ്ങളും സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യും.
അഴീക്കോടൻ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് വൈകീട്ട് അഞ്ചിന് തൃശൂരിൽ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇന്നു വൈകിട്ട് നാലിന് ബഹുജനറാലിയുമുണ്ട്.