തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഇനി കേരളത്തിന്റെ ‘തലസ്ഥാന’മാകുന്നു. മുഖ്യമന്ത്രിയും പത്തോളം മന്ത്രിമാരുമടങ്ങുന്ന സംഘം അഞ്ചുദിവസം പൂർണമായും ക്യാന്പു ചെയ്യുന്നതു തൃശൂരിലാണ്. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം മന്ത്രിമാരും നാളെ മുതൽ 25 വരെ തൃശൂരിലുണ്ടാകും.
ഇന്നുതന്നെ ഇവരെല്ലാം തൃശൂരിലെത്തും. സിപിഎം മന്ത്രിമാർക്കു പുറമേ സിപിഐ മന്ത്രിമാർകൂടി തൃശൂരിലെത്തുന്നതോടെ സംസ്ഥാന മന്ത്രിസഭ പൂർണമായും തൃശൂരിലാകും. പാർട്ടി സമ്മേളനം നടക്കുകയാണെങ്കിലും ഭരണത്തിനും ദൈനംദിന കാര്യങ്ങൾക്കും ഒരു തടസവും ഉണ്ടാകില്ല. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതുകൊണ്ടു ഭരണപരമായ ഒരു കാര്യംപോലും നടക്കാതിരിക്കില്ലെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
തൃശൂരിൽ സജ്ജമാക്കുന്ന മുഖ്യമന്ത്രിയുടെ ക്യാന്പ് ഓഫീസിൽ ഭരണം സുഗമമായി നടത്തും. അടിയന്തര പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും ഇവിടെയിരുന്നു കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സ്ണൽ സ്റ്റാഫുകളും ആവശ്യമായ മറ്റു ജീവനക്കാരും തൃശൂരിലെത്തുന്നുണ്ട്. ഭരണസംവിധാനം ഡിജിറ്റലായതുകൊണ്ടുതന്നെ പരമാവധി ഫയലുകൾ നീങ്ങാനും ആവശ്യമായ കാര്യങ്ങൾ തൃശൂരിലിരുന്നുതന്നെ ചെയ്യാനും മന്ത്രിമാർക്കു സാധിക്കും.
മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്നു കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം പുറപ്പെടുവിച്ചത്. ഇതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയടക്കം സകല മന്ത്രിമാരും തലസ്ഥാനം വിടുന്പോഴുണ്ടാകുന്ന പ്രതിപക്ഷ പരിഹാസവും ആരോപണവും നേരിടാൻ കൂടിയാണു തൃശൂരിനെ ഈ അഞ്ചുദിവസം തലസ്ഥാനമാക്കി മാറ്റുന്നത്.
സിപിഎം ജില്ലാ സമ്മേളനങ്ങളിൽ ഏതാണ്ട് ഒരു മാസത്തോളം മുഖ്യമന്ത്രി പിണറായി വിജയൻ സജീവമായി പങ്കെടുത്തത് പരക്കെ വിമർശനമുയർത്തിയിരുന്നു. മുഖ്യമന്ത്രി ഓഫീസിൽ ഇല്ലാത്തതുകൊണ്ട് ഫയലുകൾ നീങ്ങിയില്ലെന്നും മറ്റുമായിരുന്നു ആരോപണം.