ഷൊർണൂർ: നഗരസഭയിൽ സ്ഥിരം സമിതികളിലൊന്ന് കോണ്‍ഗ്രസിന് ലഭിച്ചതിനാൽ സിപിഎം കോണ്‍ഗ്രസ് സഖ്യമെന്ന് വിമർശനം. ആരോഗ്യസ്ഥിരം സമിതിയാണ് 7 അംഗങ്ങളുള്ള കോണ്‍ഗ്രസിന് ലഭിച്ചത്. സിസിസി സെക്രട്ടറി കെ.കൃഷ്ണകുമാറാണ് ഇതിന്റെ അധ്യക്ഷൻ.
അതേ സമയം 9 അംഗങ്ങളുള്ള ബിജെപിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ലഭിച്ചതുമില്ല. ഇതാണ് സിപിഎം-കോണ്‍ഗ്രസ് ധാരണയെന്ന് ബിജെപി ആരോപണമുന്നയിക്കാൻ കാരണമായത്. സ്ഥിരം സമിതികളിൽ 5 എണ്ണം സിപിഎമ്മിന് ലഭിച്ചു.
നഗരസഭ ഉപാധ്യക്ഷ പി.സിന്ധുവാണ് ധനകാര്യ സ്ഥിരംസമിതി ചെയർപേഴ്സണ്‍. മറ്റെല്ലാ സ്ഥിരം സമിതികളിലേക്കും മത്സരം നടന്നു. വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് ബിജെപി അംഗം കെ.ബിന്ദുവും സിപിഎമ്മിലെ കെ.എൻ.ലഷ്മണനും മത്സരിച്ചു. ലക്ഷ്മണനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വികസന സ്ഥിരം സമിതി അധ്യക്ഷനായി എസ്.ജി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സണായി പി.ജിഷയും, ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് ഫാത്തിമ ഫർസാനയും തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ബിജെപി ആരോപണം അടിസ്ഥാനരഹിതമാണെന്നും, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ പറ്റിയും വോട്ടിങ്ങിനെ പറ്റിയും അറിയാത്തതുകൊണ്ടാണ് മേൽപ്പറഞ്ഞ രീതിയിലുള്ള ആക്ഷേപം ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.