കിഴക്കമ്പലം: വിഭാഗീയതയെ തുടര്‍ന്നു സിപിഎം പട്ടിമറ്റം ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു. പട്ടിമറ്റം ലോക്കല്‍ കമ്മിറ്റിയിലേയ്ക്കും കോലഞ്ചേരി ഏരിയാ സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലും വിഎസ് പക്ഷം ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചതോടെയുണ്ടായ തര്‍ക്കമാണ് സമ്മേളനം നിര്‍ത്തി വയ്ക്കാന്‍ ഇടയായത്.
വര്‍ഗ ബഹുജന സംഘടന ഭാരവാഹികളെ ഏരിയാ കമ്മിറ്റി പ്രതിനിധികളായോ ലോക്കല്‍ കമ്മിറ്റിയിലേയ്ക്കോ എടുക്കാതെ വിഎസ് പക്ഷം പാനല്‍ അവതരിപ്പിച്ചുവെന്നാണ് പിണറായി പക്ഷത്തിന്റെ ആരോപണം. പിണറായി പക്ഷത്തു നിന്നും പാനലിനെതിരേ മല്‍സരിക്കാന്‍ അഞ്ച് പേര് തയാറായി.തുടര്‍ന്ന് വിഭാഗീയതയാണെന്ന കണ്ടെത്തലില്‍ സമ്മേളന നടപടികള്‍ ജില്ലാ നേതൃത്വം റദ്ദ് ചെയ്തു.
നേരത്തെ കിഴക്കമ്പലത്ത് സമാന സാഹചര്യത്തില്‍ സമ്മേളനം റദ്ദ് ചെയ്തിരുന്നു. ഐരാപുരത്ത് ഏരിയാ സമ്മേളന പ്രതിനിധി തിരഞ്ഞെടുപ്പില്‍ കടുത്ത വിഭാഗീയതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനത്തിലെ ഏരിയാ സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പും ജില്ലാ കമ്മിറ്റി റദ്ദാക്കി.