പത്തനംതിട്ട: സിപിഎമ്മില്‍ അംഗത്വം നല്കുന്നതില് കുറെക്കൂടി ജാഗ്രത കാട്ടേണ്ട കാലമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ പ്രതി ഭഗവല്സിംഗിനെപ്പോലെയുള്ളവരെ ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും ഇത്തരക്കാര്‍ നുഴഞ്ഞു കയറുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം.
ജില്ലയിലെ സിപിഎം ഏരിയാ കമ്മിറ്റിയംഗങ്ങള്‍ ഉപരി നേതാക്കളുടെ യോഗം വിളിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്.
സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി ഇന്നലെ ജില്ലയിലെത്തിയ ഗോവിന്ദന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിലും പങ്കെടുത്തു.
ഇലന്തൂര്‍ ഇരട്ടനരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസവും അനാചാരവും സംബന്ധിച്ച് അണികളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് ഗോവിന്ദന് നടത്തിയത്.
പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചതിനു പുറമേ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കെഎസ്കെടിയു സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസംഗിച്ചു.
വിശ്വാസികള്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കൊപ്പം ചുവന പതാക പിടിച്ച് പിന്തുണ നല്കിയ പാരമ്പര്യമാണ ്സിപിഎമ്മിന്റേതെന്ന് പൊതുയോഗത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എന്നാല്‍ അന്ധവിശ്വാസവും അനാചാരവും അനുവദിക്കാനാകില്ല. അന്ധവിശ്വാസത്തിലൂടെ ധനസമ്പാദനത്തിനുള്ള മനുഷ്യന്റെ ദുരാഗ്രഹത്തിന്റെ ഇരകളാണ് ഇലന്തൂരില്‍ കൊല്ലപ്പെട്ടവര്‍.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരം ശക്തികളെ ചെറുത്തു തോല്പിക്കണം.വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വിശ്വാസത്തെയും മതത്തെയും അടിസ്ഥാനമാക്കി ഭരണത്തില്‍ ചേക്കേറാന്‍ വഴി കണ്ടെത്തുന്നവരാണ് വര്‍ഗീയവാദികള്‍.
വിശ്വാസം പരമ്പരാഗതമായി ലഭിക്കുന്നതാണ്. തലമുറകളായി ഇതു പിന്തുടരുന്ന കോടിക്കണക്കിന് വിശ്വാസികളുള്ള നാടാണ് ഇന്ത്യ. ശാസ്ത്രം വളര്‍ന്നാല്‍ മാത്രമേ അന്ധവിശ്വാസവും അനാചാരവും ഇല്ലാതാക്കന്‍ കഴിയൂവെന്നും ഗോവിന്ദന് പറഞ്ഞു.