എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും നാളെ ചേരും. രാവിലെ 11ന് സെക്രട്ടറിയേറ്റും അതിനു ശേഷം സംസ്ഥാന സമിതി ചേരും. പി.കെ ശശിക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് നാളത്തെ കമ്മറ്റി ചർച്ച ചെയ്യുമെന്നാണ് വിവരം. കേന്ദ്ര കമ്മറ്റി അംഗങ്ങളായ പി.കെ ശ്രീമതിയും എ.കെ ബാലനുമാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിച്ചത്.
അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മറ്റിയ്ക്ക് കൈമാറിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ ഈ റിപ്പോർട്ട് സംസ്ഥാന കമ്മറ്റിയ്ക്ക് മുന്പാകെ വന്നിട്ടില്ല. അന്വേഷണ കമ്മീഷൻ അംഗമായ എ.കെ ബാലൻ പാലക്കാട്ട് നടന്ന പാർട്ടി പരിപാടിയിലടക്കം പി.കെ ശശിയുമായി വേദി പങ്കിട്ടത് വിവാദമായിരുന്നു.
പരാതി അട്ടിമറിക്കപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്ന വേളയിൽ ശശി നയിക്കുന്ന ഷൊർണ്ണൂർ നിയോജക മണ്ഡലം കാൽ നട ജാഥ ഇന്നലെ തുടങ്ങിയിരുന്നു. പാലക്കാട് ജില്ലാകമ്മറ്റിയിൽ തന്നെ ഒരു വിഭാഗം കടുത്ത എതിർപ്പ് ഉയർത്തുന്ന വേളയിൽ തന്നെയാണ് ശശി നയിക്കുന്ന ജാഥ ആരംഭിച്ചത്.
നാളത്തെ സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യാതെ അനന്തമായി നീട്ടി കൊണ്ടുപോകുന്നതിൽ ഡി.വൈഎഫ് ഐയ്ക്കുള്ളിലും സി.പിഎമ്മിലുള്ളിലും അതൃപ്തിയിടയാക്കിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളന ചർച്ചയിൽ നിന്ന് പി.കെ ശശി വിഷയം നേതൃത്വം ഇടപെട്ട് വിലക്കിയിരുന്നു. ഇതെല്ലാം ശശിയെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ശശിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥകൂടി ആരംഭിച്ചിരിക്കുന്നത്. ശശിയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം കമ്മീഷൻ റിപ്പോർട്ടിലില്ലെന്നാണ് പാർട്ടി നേതാക്കൾ തന്നെ പറയുന്നത്.
നടപടി ഉണ്ടായിരുന്നുവെങ്കിൽ ശശിയെ ജാഥാ ക്യാപ്റ്റനാക്കില്ലെന്ന ഉറപ്പാണ് അവർ നൽകുന്നത്. ശശിയ്ക്കെതിരെയുള്ള നടപടി നീണ്ടു പോകുന്നതിൽ അതൃപ്തി അറിയിച്ചു പരാതിക്കാരിയായ വനിതാ നേതാവ് വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇനിയും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാതെ നീട്ടികൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിനു കഴിയില്ല.
പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കുകയും ഏര്യ കമ്മറ്റിയിലേയക്കോ ലോക്കൽ കമ്മറ്റിയിലേക്കോ തരംതാഴ്ത്തുകയോ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ജില്ലാകമ്മറ്റിയിലേയും ഏര്യ കമ്മറ്റിയിലേയും ഡിവൈ.എഫ്.ഐയിലേയും ചില നേതാക്കൾക്കെതിരേയും നടപടിയ്ക്ക് കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.