കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തുന്ന ആരോപണങ്ങളെയും മാധ്യമങ്ങളെയും ഒരുമിച്ചുനേരിട്ടു പ്രതിരോധം തീര്‍ക്കാന്‍ സിപിഎം. കൂടുതല്‍ സ്ഥലങ്ങളില്‍ വിശദീകരണയോഗം ചേരാനും കാര്യങ്ങള്‍ താഴേതട്ടിലുള്ള പ്രവര്‍ത്തകരിലേക്ക് എത്തിക്കാനുമാണു തീരുമാനം.
ഇതിനായി പ്രാദേശികനേതാക്കളെ ചുമതലപ്പെടുത്തും. അതേസമയം അന്‍വറിനെ തുടര്‍ച്ചയായി വിമര്‍ശിക്കാനും ആരോപണങ്ങളെ പൊളിച്ചടുക്കാനുമാണു തീരുമാനം. ഇന്നലെ ചന്തക്കുന്നില്‍ നടന്ന പൊതുയോഗത്തില്‍ മാധ്യമങ്ങളെയും അന്‍വറിനെയും ഒരുപോലെ വിമര്‍ശിക്കുകയായിരുന്നു നേതാക്കള്‍.
നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും മോശം പറയാന്‍ മാധ്യമപ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിരിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ആരോപിച്ചു.
ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരാളെ കിട്ടിയെന്നു കരുതി ആഘോഷിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.അന്‍വറിനെ വര്ഗശത്രുവന്നാണ് വിജയരാഘവന് വിശേഷിപ്പിച്ചത്.
അന്‍വറിനെ പിന്തുണച്ച നാടക-സിനിമ നടി നിലമ്പൂര്‍ ആയിഷയെയും വിശദീകരണ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും സിപിഎമ്മിനു നേട്ടമായി. കെ.ടി. ജലീല്‍ എംഎല്‍എ ഇന്നലെ യോഗത്തിനെത്തിയില്ല. അതേസമയം ഇന്നലെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളോട് അന്‍വര്‍ പ്രതികരിച്ചിട്ടില്ല.