തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ പി.വി. അൻവർ എംഎൽഎക്കെതിരേ കണ്ണൂരിലെ രണ്ട് കോടതികളിൽ പി. ശശി പരാതി നൽകി.
കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കെ. വിശ്വൻ മുഖാന്തിരം പി. ശശി പരാതി നൽകിയത്.
ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരം അൻവറിനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് കോടതികളിലും പി. ശശി ഇന്ന് പരാതി നൽകിയത്. പി.വി. അൻവർ ഫേസ് ബുക്കിലൂടെയും പാലക്കാട്ട് പത്രസമ്മേളനത്തിലൂടെയും ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്ക് അടിസ്ഥാനം.
ഫേസ് ബുക്കിലൂടെ നടത്തിയ അധിക്ഷേപത്തിന് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പത്രസമ്മേളനത്തിലൂടെ ഉയർത്തിയ ആരോപണങ്ങൾക്ക് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് പരാതി നൽകിയത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബിനാമിയാണെന്നും 15 പട്രോൾ പമ്പുകൾ ഇവർക്കുണ്ടെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് അൻവർ ശശിക്കെതിരേ അൻവർ ഉന്നയിച്ചത്.
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണയണമെന്നാവശ്യപ്പെട്ട് പി.ശശി കെ.വിശ്വൻ മുഖാന്തിരം അയച്ച വക്കീൽ നോട്ടീസ് അൻവർ കൈപ്പറ്റിയെങ്കിലും മുറപ്രകാരം കാര്യങ്ങൾ ചെയ്യാത്തതിനെ തുടർന്നാണ് നീതി തേടി ശശി കോടതിയെ സമീപിച്ചിട്ടുള്ളത്.