കൊണ്ടോട്ടി:ജീവിത വഴിയിൽ കളങ്കമില്ലാത്ത പൊതുപ്രവർത്തകൻ സി.പി മുഹമമ്മദ്കുട്ടിഹാജി എന്ന നാട്ടുകാരുടെ കുഞ്ഞാനു കണ്ണീരോടെ വിട.
കാരുണ്യ പ്രവർത്തനങ്ങൾക്കും ജനസേവനത്തിനുമായി ജീവിതം ഉഴിഞ്ഞിട്ട സി.പി മുഹമമ്മദ് കുട്ടിഹാജി മലബാറിലെ വിദ്യാഭ്യാസ മേഖലയിലും മുസ്ലിംലീഗ് രാഷ്ട്രീയത്തിനും മത രംഗത്തും നിറസാന്നിധ്യമായിരുന്നു.
വ്യാഴാഴച ഉച്ചയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്നു രാവിലെ ഒന്പതിനു ഖാസിയാരകം ജുമഅത്ത് പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
പിതാവ് ആലിമോയീന്റെ മരണത്തിനു ശേഷം 18ാം വയസിൽ കൊണ്ടോട്ടി ഖാസിയാരകം ഖുല്ലത്തുൽ ഇസ്ലാം സംഘത്തിന്റെ പ്രസിഡന്റായ സി.പി മുഹമ്മദ്കുട്ടി അരനൂറ്റാണ്ട് കാലമായി പകരക്കാരിനില്ലാതെ പ്രസിഡന്റ് പദവി വഹിച്ചു പോന്നു.
കൃത്യമായ നിലാപാടും ഇടപാടുമാണ് സി.പിയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്ഥനാക്കുന്നത്. മൂന്നര പതിറ്റാണ്ടിലേറെയായി കൊണ്ടോട്ടി ഇ.എം.ഇ.എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മനേജർ കം സെക്രട്ടറിയായി സി.പി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചക്ക് എന്നും മുൻനിരയിലായിരുന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു അവുക്കാദർകുട്ടി നഹയുടെ വേർപ്പാടിനു ശേഷം സി.പി മുഹമ്മദ്കുട്ടിയെ ഇ.എം.ഇ.എ സ്ഥാപനങ്ങളുടെ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചത്. ആദരസൂചകമായി ഇന്നലെയും ഇന്നും ഇ.എം.ഇ.എ സ്ഥാപനങ്ങൾക്കു അവധി നൽകിയിരിക്കുകയാണ്.
പാണക്കാട് കുടുംബവുമായും മുസ്ലിംലീഗിലെ പഴയകാലത്തെയും പുതുതലമുറയിലെയും നേതാക്കൻമാരുമായും അദ്ദേഹം അടുത്ത ബന്ധമായിരുന്നു. മുസ്ലിംലീഗ് നേതാക്കളുടെ ഇടത്താവളവും വിശ്രമ കേന്ദ്രവുമായിരുന്നു കൊണ്ടോട്ടി 17ലെ സി.പിയുടെ വീട്. ചൂടേറിയ ചർച്ചകൾക്കു പരിഹാരം കാണപ്പെട്ടതും ഇവിടെ വച്ചായിരുന്നു.
പെട്രോളിയം ഡീലേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റായ സി.പി കുഞ്ഞാനാണ് മലബാറിൽ ആദ്യ എച്ച്.പി പന്പിന്റെ ഉടമസ്ഥൻ. 1968ലാണ് സി.പി കൊണ്ടോട്ടിയിൽ പൊട്രോൾ പന്പ് സ്ഥാപിച്ചത്. മുസ്ലിംലീഗിന്റെ വളർച്ചക്ക് നാട്ടിൽ വഴിമരുന്നിട്ട സി.പി പ്രാദേശിക ഭാരവാഹിയായി.
പിന്നീട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം വരെയുള്ള പദവിയിലെത്തിയിട്ടുണ്ട്. മത രംഗത്തും നിറസാന്നിധ്യമായിരുന്ന സി.പി അകമഴിഞ്ഞ സംഭവാന ആരുമറിയാതെ നൽകുന്ന വ്യക്തി കൂടിയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കൊണ്ടോട്ടി ഖാസിയാരകം ഖുല്ലത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ്, കൊണ്ടോട്ടി മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്, ഇ.എം.ഇ.എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മനേജർ കം സെക്രട്ടറി, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഡയറക്ടർ ബോർഡ് അംഗം, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മരണ വാർത്തയറിഞ്ഞ് പ്രമുഖ നേതാക്കളടക്കം നിരവധി പേരാണ് വസതിയിലെത്തിരുന്നത്. പരേതനായ എം.പി.എം ഹസൻകുട്ടി കുരിക്കളുടെ മകൾ ഖമറുന്നീസയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സുഹൈൽ (എംഡി സീപീസ് ഫ്യൂവൽസ് ആൻഡ് ഓയിൽ), ആയിഷ ഫസീല, കദീജ ഫൈബീന, ഫാത്തിമ തസ്നി. മരുമക്കൾ: വീരാൻകോയ (മുക്കം), സാദിഖലി (ഫറോക്ക്, പേട്ട), റസീന (പൂവാട്ടുപറന്പ്), പരേതനായ നൗഷാദലി (മാനന്തവാടി).