ബിജെപിക്ക് ക്ലീന്‍ചീറ്റ്, പ്രകാശ് കാരാട്ടിന്റെ നിലപാടില്‍ സിപിഎമ്മില്‍ ഭിന്നത, എതിര്‍പ്പുമായി യെച്ചൂരി പക്ഷം, കാരാട്ട് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

bjp 2ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന ചിന്താഗതി സിപിഎമ്മിനില്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ലേഖനം പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ബിജെപിയെ പ്രത്യക്ഷമായി തലോടുന്ന പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ പകച്ചിരിക്കുകയാണ് നേതൃത്വവും അണികളും. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ടെങ്കിലും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നും ഇക്കാര്യം സിപിഎം നേരത്തേ തന്നെ വിലയിരുത്തിയതാണെന്നുമാണ് കാരാട്ടിന്റെ വാദം. എന്നാല്‍, മുന്‍ സെക്രട്ടറിയുടെ വാദത്തെ നഖശിഖാന്തം എതിര്‍ക്കുന്ന നയമാണ് സീതാറാം യെച്ചൂരിയുടേത്. തനിക്കോ പാര്‍ട്ടിക്കോ അത്തരത്തില്‍ ഒരു അഭിപ്രായവുമില്ലെന്നാണ് യെച്ചൂരി പറയുന്നത്.

കാരാട്ടിന്റൈ ലേഖനത്തെ മുന്‍നിര്‍ത്തി ബിജെപി പ്രചാരണം നടത്തിയേക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് തന്നെ കാരാട്ടിന്റെ ലേഖനത്തില്‍ പുറമേ വലിയ ചര്‍ച്ച വേണ്ടെന്ന തീരുമാനമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലും മറ്റും കാരാട്ടിന്റെ ലേഖനം വലിയ ചലനം സൃഷ്ടിച്ചിരുന്നു. ഹിറ്റ്‌ലറുടെ രീതിയില്‍തന്നെ വന്നാല്‍ മാത്രമേ ഫാസിസമെന്നു വിളിക്കാന്‍ പറ്റുകയുള്ളുവെന്നാണ് കാരാട്ട് പറയുന്നത്. വിവാദ ലേഖനത്തിനു പിന്നാലെ പാര്‍ട്ടിയില്‍ കാരാട്ട് ഒറ്റപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. കാരാട്ടിന്റെ നിലപാടിനെ പിന്താങ്ങാന്‍ പരസ്യമായി ആരും രംഗത്തു വന്നിട്ടില്ലെന്നതു ശ്രദ്ധേയമാണ്. വരുംദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ഉയരുമെന്ന കാര്യം ഉറപ്പാണ്.

Related posts