കോട്ടയം: ജനുവരിയിൽ കോട്ടയത്തു നടക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിൽ പാർട്ടി പിടിക്കാൻ ഒൗദ്യോഗിക പക്ഷത്തെ രണ്ടു ചേരിയും നീക്കങ്ങൾ തുടങ്ങി.
ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയതോടെ സെക്രട്ടറി സ്ഥാനം ഒഴിയുകയും സെക്രട്ടറിയായി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന എ.വി. റസലിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ റസൽ തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത. ഒൗദ്യോഗിക വിഭാഗത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ളതാണ് നിലവിലെ ജില്ലാ കമ്മിറ്റി.
വാസവൻ, തോമസ് ചേരികൾ
ഒൗദ്യോഗിക വിഭാഗത്തിൽ രണ്ടു ചേരിയുണ്ട്. രണ്ടു ചേരിയുടെ പ്രവർത്തനവും സമ്മേളന കാലത്ത് ശക്തിപ്രാപിച്ചിട്ടുണ്ട്. പരമാവധി ഏരിയാകൾ പിടിച്ചെടുത്ത് സമ്മേളനപ്രതിനിധികളെ തങ്ങളുടെ പക്ഷത്താക്കാൻ ഇരുവിഭാഗവും നീക്കങ്ങൾ തുടങ്ങി.
മന്ത്രി വി.എൻ. വാസവൻ നേതൃത്വം നൽകുന്ന വിഭാഗവും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ് നേതൃത്വം നൽകുന്ന വിഭാഗവുമാണുള്ളത്. നിലവിലെ സെക്രട്ടറി എ.വി. റസൽ, ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ, എം.ടി. ജോസഫ്, വി.ജെ.ലാലി, എം.കെ.പ്രഭാകരൻ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവരാണ് വാസവനെ പിന്തുണയ്ക്കുന്നവർ.
പി.കെ. ഹരികുമാർ, കെ. സുരേഷ്കുറുപ്പ്, ലാലിച്ചൻ ജോർജ്, കെ. അനിൽകുമാർ, വി. ജയപ്രകാശ്, പി.ഷാനവാസ്, ജോയി ജോർജ്, തങ്കമ്മ ജോർജുകുട്ടി, പി.വി.സുനിൽ എന്നിവരുടെ നേതൃത്വത്തിലാണു കെ.ജെ. തോമസിനെ പിന്തുണയ്ക്കുന്നവർ.
ജില്ലയിൽ നിന്നുളള മുതിർന്ന അംഗവും കേന്ദ്രകമ്മറ്റിയംഗവുമായ വൈക്കം വിശ്വന്റെ പിന്തുണ വാസവൻ വിഭാഗത്തിനാണ്.
മുൻ മന്ത്രി തോമസ് ഐസക്കിന്റെ പിന്തുണയാണ് കെ.ജെ. തോമസ് വിഭാഗത്തിനുള്ളത്. പാർട്ടി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ പുനർ സംയോജന പദ്ധതിയുടെ പേരിൽ തോമസ് ഐസക്ക് കോട്ടയത്ത് എത്തിയിരുന്നു.
രണ്ടു ചേരിയായി നിൽക്കുന്ന ഒൗദ്യോഗിക പക്ഷത്തെ അനുനയിപ്പിക്കാൻ കോടിയേരി ബാലകൃഷ്ണനും എ. വിജയരാഘവനും അടുത്ത ദിവസം കോട്ടയത്ത് എത്തുമെന്നും സൂചനയുണ്ട്.
പ്രതിനിധി സമ്മേളനത്തിൽ അംഗങ്ങളെ കുറയ്ക്കും
കോട്ടയം: കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനമോ അനുബന്ധ പരിപാടികളോ ഇല്ലാതെ പ്രതിനിധി സമ്മേളനം മാത്രമായിരിക്കും നടത്തുക. ഇതിനു സൗകര്യപ്രദമായ സ്ഥലം എന്ന നിലയിലാണു കോട്ടയം വീണ്ടും സമ്മേളന കേന്ദ്രമായി തെരഞ്ഞെടുത്തത്.
12 ഏരിയാകളിൽനിന്നുള്ള 150 പ്രതിനിധികളും 35 ജില്ലാ കമ്മറ്റിയംഗങ്ങളും മാത്രമായിരിക്കും സമ്മേളനത്തിൽ പങ്കെടുക്കുക. സമ്മേളനത്തിന്റെ അവസാനദിവസം മുഴുവൻ പാർട്ടിയംഗങ്ങളെയും പങ്കെടുപ്പിച്ച് വെർച്വൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഓണ്ലൈനിൽ സാംസ്കാരിക സമ്മേളനങ്ങളും സെമിനാറുകളും നടക്കും.ജില്ലാ കമ്മറ്റിയിലേക്കു പ്രായപരിധി കഴിഞ്ഞവരെ ഒഴിവാക്കി കൂടുതൽ യുവജന, വനിതാ പ്രതിനിധികളെ ഇത്തവണ ഉൾപ്പെടുത്തിയേക്കും.
സമ്മേളനങ്ങൾ അടുത്തമാസം മുതൽ
അടുത്തമാസം ആദ്യം മുതൽ ബ്രാഞ്ച് സമ്മേളനം ആരംഭിക്കും. ഒക്ടോബർ-നവംബർ മാസത്തിൽ ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിക്കും. നവംബർ അവസാനവാരത്തോടെ ഏരിയാസമ്മേളനങ്ങളും ആരംഭിക്കും. ബ്രാഞ്ച് സമ്മേളനങ്ങളിൽ 15 പേരിൽ താഴെയുള്ളതിനാൽ മുഴുവൻ പേർക്കും പങ്കെടുക്കാം.
ലോക്കൽ, ഏരിയാ സമ്മേളനങ്ങളിലും പ്രതിനിധികളുടെ എണ്ണം കോവിഡിന്റെ പശ്ചാത്തലത്തിൽ കുറിച്ചിട്ടുണ്ട്. ഏറ്റുമാനൂർ ഏരിയാ സെക്രട്ടറി മാത്രമാണ് രണ്ടു ടേം പൂർത്തിയാക്കിയത്. ബാക്കി ഏരിയാ കമ്മറ്റി സെക്രട്ടറിമാർ തുടർന്നേക്കും.
കോട്ടയം, പാലാ, തലയോലപ്പറന്പ് എന്നിവിടങ്ങളിൽ പുതിയ സെക്രട്ടറിമാർ വരുമെന്നാണ് സൂചന.
കഴിഞ്ഞതവണ അട്ടിമറിയിലൂടെ പുതുപ്പള്ളിയിൽ സെക്രട്ടറിയായ സുഭാഷ് വർഗീസിനെതിരെയും ഒൗദ്യോഗികപക്ഷം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരള കോണ്ഗ്രസ് എമ്മിന്റെ ഇടതു മുന്നണിയിലേക്കുള്ള വരവായിരിക്കും സമ്മേളനത്തിലെ പ്രധാന ചർച്ച.
ഒപ്പം പാലായിലെ തോൽവിയും ചർച്ചയാകും. കോട്ടയം മണ്ഡലത്തിൽ കെ.അനിൽകുമാറിന്റെ തോൽവിയും സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിതെളിക്കും. സർക്കാരിന്റെ ഭരണനേട്ടങ്ങളും സിപിഎം ശക്തി കേന്ദ്രങ്ങളിൽ ബിജെപിയുടെ വളർച്ചയും സമ്മേളനത്തിലെ ചർച്ചയാകും.