ഷാജിമോന്‍ ജോസഫ്
കൊച്ചി: ബോര്‍ഡ്, കോര്പറേഷന് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എൽഡിഎഫ് ഘടകകക്ഷികളിൽ പ്രതിഷേധവും അമർഷവും.
ചർച്ച നടത്താതെ സിപിഎം സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നുവെന്നതിൽ ഇടഞ്ഞിരിക്കുകയാണ് ഘടകകക്ഷികൾ. കേരള കോൺഗ്രസ്-എം, എൽജെഡി കക്ഷികളാണ് കൂടുതൽ കടുത്ത അമർഷത്തിൽ.
ഉഭയകക്ഷി ചർച്ചയില്ല!
ഓരോ പാര്‍ട്ടിക്കുമുള്ള സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ മുന്‍കാലങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താറുണ്ടെങ്കിലും ഇത്തവണ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു ഘടകകക്ഷി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
പ്രാഥമിക ചർച്ചകൾക്കു സിപിഎം ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലേക്കു പുതിയതായി കടന്നുവന്ന പാര്‍ട്ടികള്‍ക്ക് ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ നല്കണമെങ്കില് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന സ്ഥാനങ്ങളുടെ എണ്ണത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും.
വിട്ടുകൊടുക്കാൻ മടി
കേരള കോണ്‍ഗ്രസ്-എം, എല്‍ജെഡി കക്ഷികള്‍ക്ക് കൊടുക്കാനായി സിപിഎം നിലവിലുള്ളതില്‍നിന്നു രണ്ടെണ്ണം വിട്ടുകൊടുക്കും. സിപിഐ മൂന്നെണ്ണവും ഒന്നില്‍ കൂടുതല്‍ ബോര്‍ഡ് സ്ഥാനങ്ങളുള്ള മറ്റു കക്ഷികള്‍ ഒരോന്നും വിട്ടുകൊടുക്കണമെന്നാണു സിപിഎം നിർദേശം. എന്നാല്‍, മൂന്നെണ്ണം വിട്ടുകൊടുക്കില്ലെന്നും ഒരെണ്ണത്തില്‍ വിട്ടുവീഴ്ചയാകാമെന്നുമാണ് സിപിഐ നിലപാട്.
ഇതിലെങ്കിലും കിട്ടണം
സര്‍ക്കാര്‍ രൂപീകരണവേളയില്‍ രണ്ടു മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നിട്ടും ഒന്നു മാത്രം കിട്ടിയ തങ്ങളെ ബോര്‍ഡ്, കോര്പറേഷന് പുനഃസംഘടനയില്‍ കാര്യമായി പരിഗണിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രതീക്ഷ.
ഒരു എംഎല്‍എയുള്ള മറ്റു പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്കിയപ്പോള് തഴയപ്പെട്ട എല്‍ജെഡിയും വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. കാബിനറ്റ് റാങ്കുള്ള കോര്പറേഷനുകളായിരുന്നു രണ്ടു പാര്‍ട്ടികളുടെയും ആഗ്രഹം.
കഴിഞ്ഞ സര്‍ക്കാരില്‍ മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനും ഭരണപരിഷ്കരണ കമ്മിറ്റി ചെയര്‍മാനും കാബിനറ്റ് റാങ്ക് നല്‍കിയിരുന്നു. നിലവിലെ സാമ്പത്തികസ്ഥിതിയില്‍ കാബിനറ്റ് പദവി നൽകാനിടയില്ലെന്നാണു സൂചന. അങ്ങനെ വന്നാൽ കൂടുതല്‍ സ്ഥാനങ്ങള്‍ നൽണമെന്നാണു കേരള കോണ്‍ഗ്രസ്-എമ്മും എല്‍ജെഡിയും ആവശ്യപ്പെടുന്നത്.