സ്വന്തം ലേഖകന്‍
കൊച്ചി: മറ്റു പാര്‍ട്ടികള്‍ വിട്ടുവരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സിപിഎം നേതൃത്വത്തിനെതിരേ കീഴ്ഘടകങ്ങള്‍ക്ക് കടുത്ത അതൃപ്തി.
അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പി.എസ്. പ്രശാന്ത്, കെ.പി. അനില്‍കുമാര്‍, ജി. രതികുമാര്‍ എന്നിവരെ യാതൊരു മാനദണ്ഡവും നോക്കാതെ പാര്‍ട്ടിയില്‍ എടുത്തതിലാണു പ്രതിഷേധം പുകയുന്നത്.
ചില സ്ഥാനമാനങ്ങളുടെ പേരില്‍ ഇടഞ്ഞ് പുറത്തുവരുന്ന, എന്നാല്‍ സിപിഎമ്മുമായി ആശയപരമായി യാതൊരു യോജിപ്പുമില്ലാത്ത ഇത്തരക്കാരെ പാര്‍ട്ടിയില്‍ എടുക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി ചോരയും വിയര്പ്പുമൊഴുക്കുന്ന പ്രവര്‍ത്തകരുടെ മനോവീര്യവും ആത്മവിശ്വാസവും തകര്‍ക്കുമെന്നു കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
പുതുതായി കടന്നുവരുന്നവര്‍, സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി അവരുടെ ലക്ഷ്യം അതുതന്നെയാണെന്നു നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ മുന്നോട്ട് പാര്‍ട്ടിക്കു വലിയ ക്ഷീണം ചെയ്യുമെന്നും താഴെത്തട്ടില്‍ സംസാരമുണ്ട്.
അണികളുടെ ഈ വികാരം തിരിച്ചറിഞ്ഞുതന്നെയാകണം, ഒരു കാരണവശാലും പുതുമുഖങ്ങള്‍ വരുന്നതിന്റെ പേരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു സ്ഥാനമാനങ്ങള്‍ നഷ്ടമാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇപ്പോള്‍ നടന്നുവരുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ വായിക്കാനായി സംസ്ഥാനനേതൃത്വം ഇറക്കിയിട്ടുണ്ട്.
പുതുമുഖങ്ങളുടെ കടന്നുവരവ് കീഴ്ഘടകങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാതെ നോക്കണമെന്ന് പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നിര്‍ദേശവുമുണ്ട്. പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതെന്നും സര്‍ക്കുലറില്‍ ന്യായീകരിക്കുന്നു.
സിപിഎമ്മില്‍ മാത്രമല്ല, പുതുമുഖങ്ങളുടെ കടന്നുവരവ് മറ്റു ഘടകകക്ഷികളേയും അസ്വസ്ഥരാക്കുന്നുണ്ട്. ബോര്‍ഡ്, കോര്പറേഷന് പുനസംഘടനയിലും മറ്റും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ കുറവുണ്ടാകുമോയെന്ന ആശങ്ക ഘടകകക്ഷികള്ക്കില്ലാതില്ല.
ഇപ്പോള്‍തന്നെ, അടുത്തകാലത്ത് മുന്നണിയിലേക്ക് കടന്നുവന്ന പുതിയ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ്-എമ്മിനും എല്‍ജെഡിക്കും മറ്റും പുനസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്കാന് കഴിയാത്ത സ്ഥിതിയാണുള്ളത്.
സിപിഎം ഉള്‍പ്പെടെയുള്ള മറ്റു കക്ഷികള്‍ ചില സ്ഥാനങ്ങള്‍ വിട്ടുകൊടുത്താല്‍ മാത്രമേ, പുതുതായി വന്ന പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനാവൂ. ഈ സാഹചര്യത്തില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ മുന്നണിയിലേക്ക് കടന്നുവരുന്നത് ദോഷകരമാകുമെന്നാണ് ഘടകകക്ഷികള്‍ വിലയിരുത്തുന്നു.
കേരള കോണ്‍ഗ്രസ്-എം ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികളുടെ എല്‍ഡിഎഫിലേക്കുള്ള വരവ് സിപിഎം, സിപിഐ കക്ഷികളിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളിലെങ്കിലും അത് പ്രതിഫലിച്ചതുമാണ്.