തിരുവനന്തപുരം: മുസ്ലിം സംഘടനകളിലേക്കു തീവ്രവാദികൾ കടന്നു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നെന്നു സിപിഎം. താലിബാനെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളത്തിൽ രൂപപ്പെടുന്നത് ഗൗരവമേറിയ കാര്യമാണെന്നും സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിൽ പറയുന്നു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നു പറഞ്ഞപ്പോൾ വിമർശിച്ച കേന്ദ്രങ്ങളിൽനിന്നു തന്നെ സമാനമായ സൂചനകളോടെ കുറിപ്പ് പുറത്തുവന്നതു രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം പരത്തി.
പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചു വിദ്യാർഥിനികളെ തീവ്രവാദത്തിന്റെ വഴിയിലേക്കു ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിൽ പറയുന്നു.
ന്യൂനപക്ഷ വർഗീയതയെക്കുറിച്ചു പറയുന്ന ഭാഗത്താണ് ഈ പരാമർശങ്ങൾ. മുസ്ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളത്തിൽ രൂപപ്പെടുന്നത് ഗൗരവമേറിയ കാര്യമാണ്. വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമങ്ങൾ നടക്കുന്നു.
പ്രഫഷണൽ കോളജ് കാന്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസന്പന്നരായ യുവതികളെ ആ വഴിയിലേക്കു ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം നടന്നു വരുന്നുണ്ട്. വർഗീയതയ്ക്കെതിരായ പ്രചാരണങ്ങൾ മതവിശ്വാസത്തിനെതിരായി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ക്രൈസ്തവ ജനവിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്കു കീഴ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ല. എന്നാൽ, അടുത്ത കാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയ വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവമായി കാണണം.
മുസ്ലിം ജനവിഭാഗത്തിനെതിരേ ക്രൈസ്തവ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് ഇടപെടണമെന്നും കീഴ്ഘടകങ്ങൾക്കുള്ള നിർദേശമായി സിപിഎം പറയുന്നു.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രവർത്തനങ്ങൾ പ്രതിരോധിക്കേണ്ടതുണ്ട്. ക്ഷേത്രവിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്ന വിധത്തിൽ ആരാധനാലയങ്ങളിൽ ഇടപെടാൻ കഴിയണം.
വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വർഗീയവാദികളുടെ കൈയിലേക്കു വിശ്വാസികളെ കൊണ്ടുപോകാനുള്ള പ്രതിരോധിക്കുന്ന വിധത്തിലാകണം ഇടപെടൽ നടത്തേണ്ടതെന്നും കുറിപ്പിൽ നിർദേശിക്കുന്നു.