കാലടി: തെരഞ്ഞെടുപ്പ് ചർച്ചയുമായി ബന്ധപ്പെട്ട് സിപിഎം കാലടി എരിയാ കമ്മിറ്റി ഓഫീസിൽ കൈയാങ്കളി. കാലടി ടൗണ്‍ വാർഡായ പതിനൊന്നിലെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ഏരിയാ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തമ്മിലടി നടന്നത്. ശനിയാഴച രാത്രി വാർഡിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യോഗം നടന്നത്.
മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ആളെ കാലടി ടൗണിൽ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതിനെയാണ് ഒരു വിഭാഗം എതിർത്തത്.
ലോക്കൽ-ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. വാർഡിന് പുറത്ത് താമസിക്കുന്ന ആളെ സ്ഥാനാർത്ഥിയാക്കരുതെന്നും വാർഡിൽ താമസിക്കുന്നവരെ മാത്രം സ്ഥാനാർഥിയായി പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അടിപിടിയിലേക്ക് നീങ്ങിയത്. രണ്ട് പേർക്ക് പരിക്കേറ്റു. മുതിർന്ന ബ്രാഞ്ച് കമ്മിറ്റി അംഗം കുഴഞ്ഞ് വീഴുകയും ചെയ്തു.
ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബഹളം കൂടിയതോടെ ഇരു വിഭാഗങ്ങളെയും ഏരിയ സെക്രട്ടറി ഓഫീസിൽനിന്ന് പുറത്തിറക്കി ചർച്ച അവസാനിപ്പിച്ചു. പാർട്ടി നിയമങ്ങൾ ലംഘിച്ച അഞ്ചോളം പേർക്കെതിരേ പഞ്ചായത്ത് തെരഞ്ഞടുപ്പിന് മുന്‍പ് നടപടിയെടുത്തേക്കും.