തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതു വിധേനയും ജയിക്കാനുറച്ച് സിപിഎം കച്ചമുറുക്കുന്നു. അതിനാല്‍ തന്നെ സിപിഐയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസിന്റെ 3000 വോട്ടുകള്‍ ചാക്കിലാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കെ എം മാണിയെ നിരയില്‍ എത്തിച്ച് കളം പിടിക്കാന്‍ ബിജെപി കൂടി ശക്തമായി രംഗത്തിറങ്ങിയിരിക്കേ ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഏതുവിധേനയും ചോരാതിരിക്കാന്‍ സിപിഎം ശ്രമം തുടങ്ങി.
കെഎം മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന് സിപിഐ കേന്ദ്ര നേതൃത്വം കൂടി നിലപാട് എടുത്തതോടെ കൂട്ടാളികള്‍ വേണോ കേരളാ കോണ്‍ഗ്രസ് വേണോ എന്ന ആശങ്കയിലാണ് സിപിഎം. കോണ്‍ഗ്രസില്‍ നിന്നു ബി.ജെ.പിയിലേക്കു വോട്ട് ചോര്‍ന്നതാണു കഴിഞ്ഞ തവണത്തെ വിജയത്തിനു കാരണമെന്നു സി.പി.എം വിചാരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്നു സീറ്റ് പിടിച്ചെടുത്തെങ്കിലും നേടിയ വോട്ടിന്റെ എണ്ണത്തില്‍ നിസാര വര്‍ധനയേ ഉണ്ടായിരുന്നുള്ളൂ എന്നതും അവര്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയാണ്.
ആലപ്പുഴ ജില്ലാ സെക്രട്ടറിയും പിണറായി വിജയന്റെ വിശ്വസ്തനുമായ സജി ചെറിയാനെ രംഗത്തിറക്കിയതും പലതും മുമ്പില്‍ കണ്ടാണ്. തന്നെ നേരിട്ടുകണ്ട് സി.പി.എം. സ്ഥാനാര്‍ഥി സജി ചെറിയാന്‍ പിന്തുണ ആവശ്യപ്പെട്ടെന്ന് മാണി തുറന്നുപറഞ്ഞതോടെ വിവാദത്തിനു ചൂടേറി. മുന്നണിക്കാര്യം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പു തീരുമാനിക്കുമെന്ന് കെ.എം. മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. വരുന്ന ഇടതുമുന്നണി യോഗത്തിലെ തീരുമാനമാകും ഈ തര്‍ക്കത്തില്‍ നിര്‍ണായകമാകുക.
കേരളാകോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും രംഗത്തുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ ബിജെപി അപ്രസക്തമാണെന്ന നിലപാടിലാണ് ഇപ്പോഴും മാണി. ഇടതുപക്ഷത്ത് തീരുമാനം എതിരായാല്‍ മാണി യുഡിഎഫില്‍ തന്നെ തുടര്‍ന്നേക്കും എന്നാണ് വിലയിരുത്തല്‍. മുസഌം ലീഗ് നേതാക്കള്‍ മാണിയെ തിരികെ യുഡിഎഫില്‍ എത്തിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കേരളാകോണ്‍ഗ്രസ് യുഡിഎഫില്‍ തന്നെ തുടരുന്നതാണ് നല്ലതെന്ന പക്ഷത്താണ് പിജെ ജോസഫും മോന്‍സ് ജോസഫും. എന്നാല്‍ ഇടതുപക്ഷ പ്രവേശനം സാധ്യമായാല്‍ ഇരുവരും അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് മാണി മുമ്പോട്ടു പോകുന്നത്.