വടകര: ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിൽ ഭരണത്തിന്റെ തണലിൽ സിപിഎം നടത്തിയ അക്രമങ്ങളിലെ പ്രതികളെ പിടികൂടാത്ത പോലീസ് നിലപാടിനെതിരെ വൻരോഷം. ഓർക്കാട്ടേരിയിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യുഡിഎഫിന്റെയും ആർഎംപിഐയുടെയും നേതാക്കളും പ്രവർത്തകരും സംഗമത്തിൽ അണിചേർന്നു.
കച്ചേരി മൈതാനിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട പ്രതിഷേധ പരിപാടി പോലീസിനുള്ള ശക്തമായ താക്കീതായി. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ പാദസേവകരായി പോലീസ് മാറിയെന്നും ഇനിയിത് കൈയും കെട്ടി നോക്കിനിൽക്കാനാവില്ലെന്നും മുനീർ കുറ്റപ്പെടുത്തി.
മഞ്ചേശ്വരം മുതൽ പാറശാല വരെ വെല്ലുവിളി കാണുന്നിടത്തൊക്കെ ശത്രുവിനെ തുടച്ചുനീക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അക്രമത്തിലൂടെ കേരളത്തിലെ ഭരണം നിലനിർത്താമെന്ന് പിണറായി വിജയൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങ് വിഢിയുടെ സ്വർഗത്തിലാണെന്നും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും മുനീർ ഓർമിപ്പിച്ചു.
രാഷ്ട്രീയ വിയോജിപ്പുളളവരെ ജീവിക്കാൻ അനുവദിക്കുക, സിപിഎം ക്രിമിനൽ ഫാസിസ്റ്റ് തേർവാഴ്ച അവസാനിപ്പിക്കുക, ജീവനും സ്വത്തിനും പോലീസ് സുരക്ഷ നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനകീയ പ്രതിരോധസമിതി പ്രതിഷേധസംഗമം നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എം.ഷാജി. എംഎൽഎ, ആർഎസ്പി നേതാവ് ഷിബു ബേബിജോണ്‍, കെ.സി. ഉമേഷ്ബാബു, കെ.സി.അബു, പി.കുമാരൻ കുട്ടി, ഐ.മൂസ, കെ.കെ.രമ, കെ.പി.പ്രകാശൻ, ബാബു ഒഞ്ചിയം, കെ. പ്രവീണ്‍ കുമാർ, എൻ.വേണു, സി.കെ.മൊയ്തു എന്നിവർ പ്രസംഗിച്ചു. വൻജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത്.