തളിപ്പറമ്പ്: സിപിഎം പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ മൂന്നു മാസം കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകനായ ഗൃഹനാഥൻ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. എട്ട് മണിക്കൂർ നേരം നിരാഹാര സഹനസമരം നടത്തുവാനായി കോൺഗ്രസ് കൊടിയും ബാനറുമായാണ്.
തളിപ്പറമ്പ് തോട്ടാറമ്പ് സ്വദേശിയായ ജോസ് ജോസഫ് തോണിക്കുഴി രാവിലെ ഒൻപത് മുതൽ പോലീസ് സ്റ്റേഷന് മുന്നിലെ നടപ്പാതയിൽ മഴയിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് 29 ന് വീട്ടിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ വീടിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത് ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ജോസിനെ മർദ്ദിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ പോലീസ് വന്ന് മൊഴിയെടുത്തതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
ഒരു ഭൂമിയിടപാട് കേസിൽ ജയിംസ് മാത്യു എംഎൽഎ യുടെ ഇടപെടൽ അംഗീകരിക്കാതെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തതിന്റെ പ്രതികാരമായി സിപിഎമ്മുകാർ നിരന്തരമായി തന്നെയും കുടുംബത്തേയും പീഡിപ്പിക്കുന്നതിനെതിരെയാണ് സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.പി.ഷൈൻ ഇടപെട്ട് സംസാരിച്ചുവെങ്കിലും ജോസ് നിരാഹാരം തുടർന്നു.
സി ഐയുമായി സംസാരിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചുവെങ്കിലും സിഐ ഇവിടെ വന്ന് തന്നെ കാണണമെന്ന നിലപാടാണ് ജോസ് സ്വീകരിച്ചത്. സി പി എം പ്രവർത്തകരുടെ പല വിധത്തിലുള്ള ശല്യം കാരണം ജീവിക്കാൻ സാധിക്കുന്നില്ലെന്നും, ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്നും ജോസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എന്നാൽ പരാതിയിൽ 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികൾ ആരാണെന്ന് വ്യക്തമാക്കിയാൽ അവർക്കെതിരെയും കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. ഒടുവിൽ സിഐഎൻ.കെ.സത്യനാഥൻ ഇടപെട്ട് സംസാരിക്കുകയും രാവിലെ 10.15 ഓടെ ജോസ് സത്യാഗ്രഹം അവസാനിപ്പിക്കുകയുമായിരുന്നു.