തലശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെ സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ പിന്നാലെ ഓടി. പ്രസിഡന്റ് സെക്രട്ടറിയുടെ കാബിനിൽ കയറി രക്ഷപെട്ടു.ബാങ്കിന്റെ സായാഹ്ന ശാഖയിലാണ് സംഭവം.
സംഭവത്തെത്തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സീനിയർ ക്ലർക്കായ ജീവനക്കാരനെ ഇടപാടുകാരുടെ മുന്നിൽ വച്ച് മാനസിക രോഗി എന്ന് ആക്ഷേപിച്ചതിനെത്തുടർന്നാണ് പ്രകോപിതനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയുമെടുത്ത് പ്രസിഡന്റിന്റെ പിന്നാലെ പാഞ്ഞത്. സംഭവത്തിനു ശേഷം രക്തസമ്മർദ്ദത്തെ തുടർന്ന് അവശ നിലയിലായ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇടപാടുകാരുടെ മുന്നിൽ വച്ച് നടത്തിയ ജീവനക്കാരുടെ യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. ഇടപാടുകാരുടെ മുന്നിൽ വച്ച് ജീവനക്കാരുടെ യോഗം വിളിക്കുന്നതിനെ ജീവനക്കാർ തന്നെ എതിർത്തിരുന്നു.എതിർപ്പ് വക വയ്ക്കാതെയാണ് പ്രസിഡന്റ് ജീവനക്കാരുടെ യോഗം ഇടപാടുകാരുടെ മുന്നിൽ വച്ച് വിളിച്ചതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
യോഗത്തിൽ കെവൈസി ഫോം പൂരിപ്പിച്ച് നൽകാത്തതിനെക്കുറിച്ചുള്ള ചർച്ചക്കിടയിലാണ് പ്രകോപനപരമായ രംഗങ്ങൾ അരങ്ങേറിയത്. ഫോം ജീവനക്കാരൻ പൂരിപ്പിച്ച് നൽകാത്തതിനെക്കുറിച്ച് പ്രസിഡന്റ് രൂക്ഷ വിമർശനം നടത്തി. കെവൈസി ഫോം ഇടപാടുകാർ തന്നെ പൂരിപ്പിക്കണമെന്നാണ് നിയമമെന്നും അല്ലാതെ ചെയ്താൽ കരിവെള്ളൂരിന്റെ ഗതി വരുമെന്നും ജീവനക്കാരൻ മറുപടി പറഞ്ഞു.
തുടർന്നാണ് പ്രസിഡന്റ് ജീവനക്കാരനെ മാനസിക രോഗി എന്ന് അധിക്ഷേപിച്ചത്.ഇതിനു പുറമെ ബാങ്കിന്റെ നീതി സ്റ്റോറുമായി ബന്ധപ്പെട്ട 13 ലക്ഷത്തിന്റെ നഷ്ടം സംബന്ധിച്ച ജീവനക്കാരന്റെ ചോദ്യങ്ങളും പ്രസിഡന്റിനെ പ്രകോപിപ്പിച്ചതായും പറയുന്നു. സംഭവത്തിൽ പ്രസിഡന്റിനെതിരേ ജീവനക്കാരന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുള്ളതായും അറിയുന്നു.