കണ്ണൂർ: സിപിഎം പ്രവർത്തകൻ ഷിനുവിനെ പയ്യന്നൂരിൽ വച്ച് ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന സംഭവം നാടകമാണെന്നും ഇതുസംബന്ധിച്ച വ്യക്തത വരുത്താൻ ആശുപത്രിയിലുള്ള ഷിനുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്.
കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിന്റെ ചരമവാർഷികം വരാനിരിക്കെ ചെറിയ ചെറിയ അക്രമം നടത്തി രണ്ടുവർഷം മുന്പു നടന്ന വ്യാപകമായ ആക്രമണം വീണ്ടും നടത്താനുള്ള സിപിഎമ്മിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഷിനുവിന് നേരെയുള്ള ആക്രമണനാടകമെന്നും രഞ്ജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ധനരാജ് വധത്തെ തുടർന്ന് രണ്ടു കൊലപാതകങ്ങളും 30 വീടുകൾ പൂർണമായും തകർക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സിപിഎം പ്രവർത്തകൻ ഷിനോജിനെ ആർഎസ്എസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന് സോഷ്യൽമീഡിയയിലൂടെ വ്യാജപ്രചാരണം നടത്തി ശക്തമായി തിരിച്ചടിക്കുകയെന്ന സിപിഎമ്മിന്റെ രീതിയാണ് കഴിഞ്ഞദിവസം പയ്യന്നൂരിൽ നടന്നത്.
ഇതുവഴി ജില്ലയിൽ വ്യാപക ആക്രമണത്തിന് സിപിഎം കോപ്പുകൂട്ടുകയായിരുന്നു. ആരാണ് അക്രമം നടത്തുന്നതെന്ന് അറിയാൻ സിപിഎമ്മിന്റെ ഓഫീസിനാണ് പോലീസ് കാവൽ നിൽക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞു. അക്രമിക്കപ്പെട്ടുവെന്നുപറയുന്ന ഷിനുവിന് യാതൊരു പരിക്കുകളൊന്നുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇയാളെ പിന്നെ എന്തിനാണ് പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും രഞ്ജിത്ത് ചോദിച്ചു.
കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളെ താമസിപ്പിക്കുന്ന സ്ഥലമായി പയ്യന്നൂർ സഹകരണ ആശുപത്രി മാറിയിരിക്കുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, കതിരൂർ മനോജ് വധക്കേസ് തുടങ്ങിയവയിലെ പ്രതികളെ താമസിപ്പിച്ചത്. ഇവിടെയായിരുന്നു.
രാഷ്ട്രീയ ക്രിമിനലുകളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളായി സിപിഎം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രികൾ മാറിയിരിക്കുകയാണ്. ആശുപത്രികളിൽ ഇവർക്ക് പ്രത്യേകമായ മുറികളും ഒരുക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യങ്ങളെപ്പറ്റിയും വിശദമായി അന്വേഷിക്കണം.
എല്ലാ സമാധാന യോഗങ്ങളിലും എടുക്കുന്ന തീരുമാനങ്ങൾ സിപിഎം തന്നെ ലംഘിക്കുകയാണ്. സ്വന്തം ജില്ലയായ കണ്ണൂരിൽ ശാശ്വത സമാധാനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്നും രഞ്ജിത്ത് പറഞ്ഞു. പത്രസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശും പങ്കെടുത്തു.