കോഴഞ്ചേരി: സിപിഎം പ്രാദേശികനേതാവിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സംഘം വീടിനോടു ചേർന്ന കാർഷെഡ് പൊളിച്ച് അവശിഷ്ടങ്ങൾ മണിമലയാറ്റിൽ തള്ളിയതായി പരാതി.സിപിഎം മെംബറുടെ വീടിനോടു ചേർന്നുള്ള കാർഷെഡ് പട്ടാപ്പകൽ കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി മണിമലയാറ്റിൽ തള്ളുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി സിപിഎം മെംബറായി പ്രവർത്തിക്കുകയും സിഐടിയു ജില്ലാ കമ്മിറ്റിയംഗവും കർഷക സംഘം ഏരിയാ അംഗവുമായി രുന്ന വെണ്ണിക്കുളം, ചെറുള്ളിത്തറ വീട്ടിൽ എ.കെ. രവികുമാറിന്റെ കാർഷെഡ് ആണ് കഴിഞ്ഞ അഞ്ചിന് വൈകുന്നേരം 4.30ഓടെ തകർന്നത്. ജനപ്രതിനിധികളും സിപിഎം പ്രാദേശിക നേതാക്കളും അടങ്ങുന്ന സംഘത്തിനെതിരെ രവികുമാർ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി.
തന്റെ ബന്ധുമായിട്ടുള്ള വഴി തർക്കം കോയിപ്രം പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ഇതിന്റെ പേരിലാണ് അക്രമം നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലേക്ക് മുദ്രാവാക്യം വിളിച്ച് വന്ന സംഘം അക്രമം നടത്തുമ്പോൾ വീട്ടിൽ തന്റെ ഭാര്യയും19 വയസുള്ള മകളും പേരക്കുട്ടിയും ഉണ്ടായിരുന്നു.
അക്രമം കണ്ട് ഭയന്ന കൊച്ച് മകൻ ഇപ്പോഴും സാധാരണ നിലയിലായിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കോയിപ്രം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പരാതിയിൽ പേരു പറഞ്ഞിരിക്കുന്നവരിൽ പലരും ഗുണ്ടാപട്ടികയിൽ പെട്ടവരുമാണെന്ന് രവികുമാർ കുറ്റപ്പെടുത്തി.
പോലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭ്യമായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു രവികുമാർ പറഞ്ഞു. കാർഷെഡിന്റെ അവശിഷ്ടങ്ങൾ മണിമലയാറ്റിൽ കിടക്കുന്നത് ജലമൊഴുക്കിനെയും ബാധിച്ചു.