തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരന്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളും.
എകെജി സെന്ററിലെ പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ഇ.പി. ജയരാജൻ. പരാതിക്കാരനെതിരേ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിനു തന്നെ നാണക്കേടാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം കൊടിയ മർദനം ഏൽക്കേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്.
കോടതി ഉത്തരവിട്ടിട്ടും എൽഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയാറാകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.