തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകര്‍ വീടു വളഞ്ഞ് അക്രമം നടത്തിയെന്ന് പരാതി. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പരിക്കേറ്റ പി.ലതയെ (43) തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരായ കെ.ബിജുമോന്, അര്ജുന് ഗംഗാധരന്, വിമല്‍ മാധവ്, അര്ജുന് രഘുനാഥ്, അക്ഷയ് ഉണ്ണികൃഷ്ണൻ, കെ.സുധീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ 150 പേരിലേറെവരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് സുരേഷ് കീഴാറ്റൂര്‍ നല്കിയ പരാതിയിൽ പറയുന്നു.
കീഴാറ്റൂര്‍ ഗവ. എല്‍പി സ്കൂളിലെ പോളിംഗ് ബൂത്തില്‍ സിപിഎം പ്രവര്ത്തകന് കള്ളവോട്ട് ചെയ്തതായി വെബ് ടെലികാസ്റ്റിന്റെ വീഡിയോ സഹിതം സുരേഷ് കീഴാറ്റൂര്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ വായനശാലക്ക് സമീപത്തെ വീട് വളഞ്ഞത്.
സംഘര്‍ഷത്തിനിടയില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു. വൈകുന്നേരത്തോടെയാണ് വസ്ത്രങ്ങള്‍ മാറി മാറി വന്ന് ഒരു സിപിഎം പ്രവര്ത്തകന് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സുരേഷ് കീഴാറ്റൂര്‍ പോസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് തളിപ്പറമ്പ് സിഐ എ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി രാത്രി പത്തരയോടെ സിപിഎം പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
ഇതിന് ശേഷമാണ് പരിക്കേറ്റ ലതയെ ആശുപത്രിയിലേക്ക് മാറ്റിയത്. സുരേഷ് കീഴാറ്റൂരും സഹോദരനും ആക്രമിച്ചതായി ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന് തളിപ്പറമ്പ് വില്ലേജ് പ്രസിഡന്റ് പി.വല്‍സല (50), സെക്രട്ടറി പി.വി.ഗീത(47) എന്നിവരെതളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയത് ചോദ്യംചെയ്തതിന് മര്‍ദ്ദിച്ചതായാണ് പരാതി.