സീതത്തോട്: റോഡില്‍ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാന്‍ എത്തിയ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയംപള്ളി, പ്രവര്‍ത്തകരായ മധു, മനോജ് ഉള്‍പ്പടെ കണ്ടാലറിയാവുന്ന മറ്റ് ഒമ്പതു പേര്‍ക്കെതിരെയുമാണ് കേസ്.
ഐപിസി 143,147,148,149, 294ബി, 323,506, 353 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ നാലിന് ഉച്ചക്ക് 1.15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.സീതത്തോട് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.സുരേഷ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ സീതത്തോട് കൊച്ചുകോയിക്കല്‍ കുളഞ്ഞിമുക്കിനു സമീപം തടിക്കഷ്ണങ്ങള്‍ കിടക്കുന്നതുകണ്ടു.
ജീപ്പ് നിര്‍ത്തി ഇറങ്ങിയ സംഘം തടികള്‍ എവിടെനിന്ന് മുറിച്ചതാണെന്ന് പരിശോധിച്ചു കൊണ്ടു നില്ക്കവേ ജേക്കബ് വളയംപള്ളി, മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഫോറസ്റ്റ് ഓഫീസര്‍ സുരേഷിനെ അസഭ്യം പറയുകയും പിടിച്ചു തള്ളി ആക്രമിക്കുകയും സംഭവം വീഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയനെ അശ്ലീലം പറയുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തുവെന്നാണ് പരാതി.
അഖില്‍ എന്ന ജീവനക്കാരനെ രണ്ടാം പ്രതി മധു കൈയേറ്റം ചെയ്തതായും പറയുന്നു. തുടര്‍ന്ന് സംഘം വനപാലകരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും നിര്‍ബന്ധപൂര്‍വം ജീപ്പില്‍ കയറ്റി മടക്കി അയയ്ക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിനുശേഷം പോലീസ് കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വനപാലകര്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.