പത്തനംതിട്ട: നഗരസഭയില് എല്ഡിഎഫി ന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായി എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണവുമായി സിപിഐ.
ഇന്നലെ നടന്ന എല്ഡിഎഫ് നഗരസഭാ നേതൃയോഗത്തില് ഇക്കാര്യം ഉന്നയിച്ച സിപിഐ പിന്നീട് നഗരസഭ സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു.
നഗരസഭ എല്ഡിഎഫ് യോഗത്തില് ആലോചിക്കാതെ സ്റ്റാന്ഡിംഗ് കമ്മിറ്റികള് വീതംവച്ചതും സിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം നല്കാതിരുന്നതും എസ്ഡിപിഐയ്ക്ക് സ്ഥാനം നല്കിയതുമെല്ലാം സിപിഐയെ ചൊടിപ്പിച്ചു.
നഗരസഭയില് എല്ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയിലാണ് എല്ഡിഎഫ് ഭരണത്തിലെത്തിയത്. എന്നാല് എസ്ഡിപിഐയിലെ മൂന്നംഗങ്ങള് നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചത് ഭരണം ലഭിക്കാനും തുടര്ന്നുള്ള വോട്ടെടുപ്പുകള്ക്കും സഹായകരമായി.
എല്ഡിഎഫ് വൈസ് ചെയര്പേഴ്സണ് ആക്കിയ സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പില് എസ്ഡിപിഐ പിന്തുണ സ്വീകരിച്ചിരുന്നുവെന്ന ആരോപണവും നിലനില്ക്കുന്നു.
ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ കലാകായിക സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം എസ്ഡിപിഐയിലെ എസ്. ഷെമീറിന് ലഭിച്ചത്.
വിശദീകരണം തേടി എല്ഡിഎഫ് നേതൃ യോഗത്തില് സിപിഐ ഇതുസംബന്ധിച്ച വിശദീകരണം ആരാഞ്ഞു.
യുഡിഎഫിനെ ഭരണത്തില് നിന്നൊഴിവാക്കാനും ഭരണം നിലനിര്ത്താനും ചില ധാരണകള് വേണ്ടിവരുമെന്ന് സിപിഎം നേതാക്കള് യോഗത്തില് പറഞ്ഞതായും ഇതില് പ്രതിഷേധിച്ച് തങ്ങള് യോഗം ബഹിഷ്കരിച്ചുവെന്നുമാണ് സിപിഐയുടെ വിശദീകരണം.
യുഡിഎഫിനെ ഭരണത്തില് നിന്നൊഴിവാക്കാന് ചില ധാരണകള് വേണ്ടിവരുമെന്ന് ചെയര്മാനും നിലപാടെടുത്തതായി സിപിഐ ഭാരവാഹികള് പറഞ്ഞു.
തങ്ങളെ അവഗണിച്ച് എസ്ഡിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം നല്കിയതിനെ സിപിഐ ശക്തമായി വിമര്ശിച്ചു. യോഗത്തില് തങ്ങള് പങ്കെടുക്കില്ലെന്നറിയിച്ച് അവര് ഇറങ്ങിപ്പോയി.
സിപിഐ കൗണ്സിലര് സുമേഷ് ബാബു, സിപിഐ ജില്ലാ കമ്മിറ്റിയംഗം അബ്ദുള് ഷുക്കൂര്, മണ്ഡലം കമ്മിറ്റിയംഗം ബി. ഹരിദാസ്് എന്നിവരാണ് ഇറങ്ങിപ്പോയത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ആര്. ഉണ്ണിക്കൃഷ്ണപിള്ള, ഏരിയാ സെക്രട്ടറി എന്. സജികുമാര് എന്നിവര് യോഗത്തില് പങ്കെടുത്തിരുന്നു.
എസ്ഡിപിഐയുടെ സമ്മര്ദ്ദത്തിന് വഴങ്ങി സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളെ രഹസ്യമായി നിശ്ചയിച്ചതായി സിപിഐ കുറ്റപ്പെടുത്തി. ജില്ലയുടെ മറ്റ് ഭാഗങ്ങളില് ഉടലെടുത്ത സിപിഎമ്മിന്റെ രഹസ്യ ബന്ധങ്ങളും സിപിഐ അംഗങ്ങള് വിമര്ശിച്ചു.
പത്തനംതിട്ട നഗരസഭയില് സിപിഐ മത്സരിച്ച പത്താം വാര്ഡില് എസ്ഡിപിഐ വിജയിച്ചതുമായി ബന്ധപ്പെട്ട പരാതിയും നിലനില്ക്കുകയാണ്. സിപിഐ നേതാവ് അബ്ദുള് ഷുക്കൂര് മൂന്നാംസ്ഥാനത്തായ വാര്ഡാണിത്.
തൊട്ടടുത്ത ചില വാര്ഡുകളില് എസ്ഡിപിഐ മത്സരിക്കാതിരുന്നതും ആ വാര്ഡുകളില് സിപിഎം വന് ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തതും ശ്രദ്ധേയമാണെന്ന് സിപിഐയുടെ പരാതിയില് പറയുന്നു.
പത്താം വാര്ഡില് എല്ഡിഎഫിനു ലഭിക്കേണ്ട വോട്ടുകള് എസ്ഡിപിഐയിലേക്കു ചോര്ന്നതായും സിപിഐ ആരോപിക്കുന്നു.
ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റിയിലേക്കാണ് സിപിഐയുടെ ഏക അംഗം സുമേഷ് ബാബുവിനെ ഉള്പ്പെടുത്തിയിരുന്നത്.
സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സിപിഐ ആവശ്യപ്പെട്ടെങ്കിലും ആദ്യ ടേം കേരള കോണ്ഗ്രസ് എമ്മിനു നല്കുമെന്നായിരുന്നു എല്ഡിഎഫ് നിലപാട്.
രണ്ട് കൗണ്സിലര്മാരുള്ള കേരള കോണ്ഗ്രസ് എമ്മിനു തന്നെയാണ് അധ്യക്ഷ സ്ഥാനത്തിന് അര്ഹതയുള്ളതെന്ന് സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ജേക്കബ് പറഞ്ഞു.
പിന്നീടു നടന്ന സ്റ്റാന്ഡിംഗ് കമ്മിറ്റി യോഗത്തിലും സിപിഐ കൗണ്സിലര് വിട്ടുനിന്നെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് കേരള കോണ്ഗ്രസ് എമ്മിലെ ജെറി അലക്സ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു