സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളത്തിൽ തീവ്രവാദ സംഘടനൾ വേരുറപ്പിച്ചിട്ടുണ്ടെന്ന ബിജെപിയുടെ വാദത്തെ അനുകൂലിച്ച് സിപിഎമ്മും. തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്ന സംഘടനകൾ മുഖേന സംസ്ഥാനത്ത് തീവ്രവാദം ആഴത്തിൽ വേരിറങ്ങിയിട്ടുണ്ടെന്ന ബിജെപിയുടെ ദേശീയ തലത്തിലുള്ള പ്രചാരത്തെ ശരിവയ്ക്കുന്ന തരത്തിലാണ് സിപിഎമ്മും ഇപ്പോൾ രംഗത്തെത്തിയത്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയതിനിടെയാണ് സിപിഎമ്മും ഇവർക്കെതിരെ ഇപ്പോൾ തിരിയുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മുക്കത്ത് ഗെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന നിലപാട് സിപിഎം വ്യക്തമാക്കുന്നത്. വികസനത്തിന് തുരങ്കം വയ്ക്കാൻ ചില തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് മുക്കത്ത് വൻ അക്രമം അരങ്ങേറിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, സോളിഡാരിറ്റി എന്നീ തീവ്രവാദ സംഘങ്ങളാണ് മുക്കത്തെ അക്രമത്തിന് പിന്നിലെന്നും ഇന്നലെ സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഗെയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതും പോലീസിനുനേരെ അക്രമം അഴിച്ചുവിട്ടതും തീവ്രവാദ സംഘങ്ങളായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, സോളിഡാരിറ്റി പ്രവർത്തകരാണെന്നും പത്രക്കുറിപ്പിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിക്കുന്നു.
ജനങ്ങളെ അക്രമത്തിലേക്ക് തള്ളിവിട്ടതിനുശേഷം തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ആരോപിക്കുന്നു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, സോളിഡാരിറ്റി എന്നീ സംഘടനകൾ തീവ്രവാദി സംഘടനകളാണെന്ന തരത്തിൽ ഇതുവരെ പരസ്യമായി പറയാതിരുന്ന സിപിഎം ഇപ്പോൾ ഇത്തരം പ്രസ്താവന നടത്തിയത് ശ്രദ്ധേയമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. മുക്കത്ത് അരങ്ങേറിയ അക്രമത്തിന് തീവ്രവാദ സ്വഭാവമുള്ളതായാണ് മനസിലാക്കുന്നതെന്ന തരത്തിലാണ് സിപിഎമ്മിന്റെ പത്രക്കുറിപ്പ്. കേരളത്തിൽ തീവ്രവാദം ആഴത്തിൽ വേരിറങ്ങിയിട്ടുണ്ടെന്ന ബിജെപിയുടെ കാലങ്ങളായുള്ള വാദത്തിന് പിന്തുണ നൽകുന്നതാണ് സിപിഎമ്മിന്റെ നിലപാട്.
കേരളത്തിൽ വലിയ വികസന പദ്ധതി വരുന്പോൾ രാജ്യദ്രോഹ ശക്തികൾ അതിനെ അനാവശ്യ ആശങ്ക പടർത്തി തുരങ്കം വയ്ക്കുന്ന കാഴ്ച്ചയാണ് മുക്കത്ത് നടന്നതെന്ന നിലപാട് തീവ്രസംഘടനകളെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തുകയാണ്. നേരത്തെ തീവ്ര മുസ്ലിം സംഘടനകൾക്കെതിരെ പരസ്യമായി രംഗത്ത് വരാതിരുന്ന സിപിഎം ഗെയിൽ വിഷയത്തിൽ ഇവർക്കെതിരെ ആഞ്ഞടിക്കുന്പോൾ ഇത്തരം സംഘടനകൾ കേരളത്തിന് ആപത്താണെന്ന സന്ദേശമാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
വോട്ട് ബാങ്ക് ലക്ഷ്യംവച്ചാണ് തീവ്രസംഘടനകൾക്കെതിരെ സിപിഎം രംഗത്തുവരാത്തതെന്ന് ബിജെപി നേരത്തെ മുതൽ ആരോപിക്കുന്നതാണ്. ആർഎസ്എസിനെ തീവ്രവാദികൾ എന്ന് മുദ്രകുത്താൻ ശ്രമിക്കുന്ന സിപിഎം ഒരിക്കൽ പോലും തീവ്ര നിലപാടുള്ള മുസ്ലിം സംഘടനകൾക്കെതിരെ രംഗത്തുവരാറില്ലെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ഹിന്ദുത്വ ഭീകരതയെന്ന വ്യാജ പ്രചാരണം നടത്തി വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള സിപിഎമ്മിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് ഇതെന്നും ബിജെപിയിലെ ഒരു വിഭാഗം പറയുന്നു. എസ്ഡിപിഐയിലൂടെയാണ് കേരളത്തിൽ തീവ്രവാദം വേരുറപ്പിക്കുന്നതെന്നാണ് ബിജെപി നേരത്തെ മുതൽ ആരോപിക്കുന്നത്. കേരളത്തിൽ പിടിയിലായ ഐസ് ബന്ധമുള്ളവർ എല്ലാം തന്നെ എസ്ഡിപിഐയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന ആരോപണവും ബിജെപി ഉയർത്തുന്നുണ്ട്.