തിരുവനന്തപുരം: നേതാക്കള്‍ തമ്മില്‍ പാര്‍ട്ടിമറന്ന് കൈകോര്‍ത്തപ്പോള്‍ ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താല്‍, തൊഴിലാളി സംഘടനകളുടെ സംയുക്ത ദേശീയപണിമുടക്ക് എന്നിവയോടനുബന്ധിച്ചു നടന്ന അക്രമങ്ങളില്‍ പ്രതികളാവുക ബിജെപിയിലെയും സിപിഎമ്മിലെയും അണികള്‍ മാത്രമെന്നു സൂചന. എസ്ബിഐ ആക്രമണകേസില്‍ ഉള്‍പ്പെടെ പ്രധാന സിപിഎം നേതാവിനെ ഒഴിവാക്കും.പൊതുമുതല്‍ നശീകരണം ഗൗരവമായെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതും സ്വകാര്യസ്വത്ത് നശീകരണത്തിനെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതും നേതാക്കള്‍ക്കു കുരുക്കായി.
സമരങ്ങളുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അകത്തിടാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനു പക്ഷേ ആദ്യ ഇരകളായി കിട്ടിയതു സിപിഎമ്മുകാരെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയവര്‍ക്കെതിരെയും കേസുകള്‍ വന്നതോടെയാണു സമവായത്തിനു ധാരണയായതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു
ദേശീയപണിമുടക്കിന്റെ പേരില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ. ശാഖ അടിച്ചുതകര്‍ത്ത കേസില്‍ രണ്ട് എന്‍.ജി.ഒ. യൂണിയന് നേതാക്കളാണ് ആദ്യപ്രതികള്‍. പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്.പി.എഫ്) വ്യാപകമായി കേസെടുത്തു. ഇതിന് പിന്നില്‍ ബിജെപി ഇടപെടലുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ കേസുകളില്‍ എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും പല നിയുക്ത സ്ഥാനാര്‍ത്ഥികളും പ്രതികളായതോടെയാണ് അനുരഞ്ജനനീക്കം സജീവമായത്. ശബരിമല ഹര്‍ത്താലിനോടനുബന്ധിച്ച അക്രമങ്ങളില്‍ ബിജെപിയുടെ 25 സംസ്ഥാനഭാരവാഹികള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണു പണിമുടക്കിനു ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ ബിജെപി. സമ്മര്‍ദ്ദപ്രകാരം ആര്.പി.എഫ്. കേസെടുത്തത്.
റെയില്‍വേ വകുപ്പ് കേന്ദ്രസര്‍ക്കാരിനു കീഴിലാണ്. മൂന്നുവര്‍ഷം തടവുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ആര്.പി.എഫ്. കേസുകള്‍. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിനു 174-ാം വകുപ്പുപ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണു രണ്ടു ദിവസങ്ങളിലായി തടഞ്ഞത്. മിനിറ്റിന് 400 രൂപ വീതം പിഴ ഈടാക്കാനും നീക്കമുണ്ടായി. സിപിഎം. സംസ്ഥാനസമിതിയംഗം വി. ശിവന്‍കുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് തുടങ്ങി എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും 130 പ്രമുഖര്‍ക്കെതിരേ പണിമുടക്ക് അക്രമങ്ങളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
ജാമ്യമെടുത്തില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നതിനാല്‍ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയിലായി. ജില്ലാനേതാക്കള്‍ ഇന്നലെ നടത്തിയ പ്രാഥമികചര്‍ച്ച വിജയമായതോടെ ഇന്നുമുതല്‍ സംസ്ഥാനനേതാക്കളുടെ ഇടപെടലുണ്ടാകും. ശബരിമല പ്രക്ഷോഭത്തില്‍ പങ്കാളിയായ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ കാര്യത്തില്‍ കടുത്തനടപടിക്കു മറുപക്ഷം ഇനി മുതിരില്ലെന്നാണ് സൂചന.