ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലേര്‍പ്പെട്ട് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും. കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ഇരുപാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നത്.
സഖ്യം തീരുമാനിക്കുന്നതില്‍ തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും. ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന റാലി വന്‍വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎം. സംഘടന ദുര്‍ബലമെന്നുപറയുന്ന ബംഗാളില്‍ ലക്ഷക്കണക്കിനാളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം ഇടതുപക്ഷം ഒറ്റയ്ക്കുമത്സരിക്കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ബലപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍, ഉദ്ദേശിച്ച ഫലമുണ്ടായില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റും സിപിഎമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ.
അതിനിടെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാണ്. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ പാതിമനസാണ്. എന്നാല്‍ മമത സ്വയം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസിനും മമതയെ താല്പര്യമില്ല.
മമതയ്ക്ക് ഒപ്പം തോളോട് തോള് ചേര്‍ന്ന് നില്ക്കുന്നു എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതേസമയം മമത ബാനര്‍ജിക്ക് എതിരെ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്. സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ അടക്കം കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നു.