തിരുവനന്തപുരം: സിപിഎം പാർട്ടി സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞതോടെ ഭരണപക്ഷത്തെ എംഎൽഎയായ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളും ചൂടേറിയ ചർച്ചകൾക്ക് വിധേയമാകും. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലും അൻവർ വിഷയം പരിഗണിക്കപ്പെടും.
ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ വിഷയമായതിനാൽ കരുതലോടെ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇക്കാര്യത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കും. അതേസമയം മുഖ്യമന്ത്രിയെ കണ്ടശേഷം പിൻവലിയുന്ന പ്രതീതി സൃഷ്ടിച്ച അൻവർ ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടശേഷം നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഎം ചർച്ച നടത്തും.
പി.ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപങ്ങളും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി. ശശിയുടെ നിലപാട്.
അൻവറിന്റെ ആരോപണങ്ങൾ കൈകാര്യം ചെയ്ത രീതിയടക്കമുള്ള കാര്യങ്ങളിൽ സിപിഐക്കും എതിർപ്പുണ്ട്. ഇക്കാര്യങ്ങൾ ഇന്നത്തെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലും ചർച്ചയാകും. പാലക്കാട്ടെ സമാന്തര കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങളാണ് രണ്ട് ദിവസം നീളുന്ന യോഗത്തിന്റെ അജണ്ട.
പത്തനംതിട്ടയിലെ അഴിമതി ആരോപണവും കോട്ടയത്തെ ഒളിക്കാമറ വിവാദവും ചർച്ചയാകും. അതേസമയം അൻവർ വിഷയത്തിൽ ആഭ്യന്തര വകുപ്പിന് എതിരായ ആരോപണങ്ങളിൽ അംഗങ്ങൾ എതിർപ്പ് അറിയിക്കാനാണ് സാധ്യത. അതേസമയം അൻവറിന്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേ സമരം കടുപ്പിക്കാൻ പ്രതിപക്ഷം. നാളെ കെപിസിസി ആഹ്വാനം ചെയ്ത സെക്രട്ടേറിയേറ്റ് മാർച്ച് ഉണ്ട്.