എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ കൈയിലിരിക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലം(പഴയ ആര്യനാട് മണ്ഡലം) തിരികെപ്പിടിക്കാൻ ഉറച്ച് സിപിഎം.
മണ്ഡലം ആര്യനാട് എന്ന പേരിലായിരുന്നപ്പോൾ മുൻ നിയമസഭാ സ്പീക്കർ ജി.കാർത്തികേയൻ 1991 മുതൽ 2006 വരെ ഇവിടെ എംഎൽഎ ആയിരുന്നു.
പിന്നീട് ഈ മണ്ഡലം അരുവിക്കരയായപ്പോൾ 2011ൽ അരുവിക്കരയുടെ ആദ്യ എംഎൽഎ ആയി.
2015ൽ ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ കെ.എസ് ശബരീനാഥൻ അരുവിക്കരയുടെ എംഎൽഎ ആയി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും ശബരീനാഥനാണ് ഇവിടെ വിജയിച്ചത്.
കർഷകരും കർഷക തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളും കൂടുതലുള്ള മണ്ഡലം കൂടിയാണ് അരുവിക്കര.
ഈ മണ്ഡലം സിപിഎമ്മിന്റെയും ശക്തികേന്ദ്രമാണ്. നേരത്തെ ആര്യനാട് ആർഎസ്പിയായിരുന്നു എൽഡിഎഫിൽ മത്സരിച്ചുകൊണ്ടിരുന്നത്.
ആർഎസ്പിയുടെ തലമുതിർന്ന നേതാവ് കെ. പങ്കജാക്ഷൻ വിജയിച്ച മണ്ഡലമാണിത്. ജി.കാർത്തികേയൻ ആര്യനാട് മത്സരരംഗത്തെത്തിയപ്പോൾ ആര്യനാട് മണ്ഡലം യുഡിഎഫിനൊപ്പമായി.
പിന്നീട് എൽഡിഎഫിന് മണ്ഡലം തിരികെപ്പിടിക്കാനായിട്ടില്ല. സിപിഎം ആർഎസ്പിയിൽ നിന്ന് സീറ്റ് ഏറ്റെടുത്തെങ്കിലും ഫലം കണ്ടില്ല.
കർശന നീക്കം
ഇത്തവണ അരുവിക്കര തിരികെപ്പിടിക്കണമെന്ന കർശന നിർദേശമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാക്കമ്മിറ്റിക്കും കീഴ്ഘടകങ്ങൾക്കും നൽകിയിരിക്കുന്നത്.
ഇത്തവണ അരുവിക്കര മണ്ഡലത്തിന്റെ ഭൂരിഭാഗം പഞ്ചായത്തുകളും എൽഡിഎഫ് ആണ് ഭരിക്കുന്നത്.
ഇതിനു പുറമേ കോൺഗ്രസിൽ തന്നെ ശബരീനാഥനെതിരെ പടയൊരുക്കം നടക്കുന്നുണ്ട്.
മണ്ഡലത്തിലെ വികസനമില്ലായ്മയും റോഡുകളുടെ തകർച്ചയും പുതിയ പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവരാൻ കഴിയാത്തതും ചൂണ്ടിക്കാട്ടി വലിയ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്.
മണ്ഡലത്തിലെ പല യുഡിഎഫ്, കോൺഗ്രസ് യോഗങ്ങളിലും കൈയാങ്കളി വരെ ഉണ്ടായി.
പല തവണ ഇത്തരം യോഗങ്ങളിൽനിന്നു ശബരീനാഥന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. മണ്ഡലത്തിൽ മുസ്ലിം ലീഗുമായും ശബരീനാഥൻ അത്ര രസത്തിലല്ല.
പലപ്പോഴും ലീഗ് പരസ്യമായിത്തന്നെ ശബരീനാഥനെതിരെ രംഗത്തു വന്നിരുന്നു. ഇതെല്ലാം തങ്ങൾക്കു ഗുണമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ഇത്തവണ അരുവിക്കര മണ്ഡലം പിടിക്കാനായി വൻ തോതിലുള്ള വികസന പ്രവർത്തനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ നേരിട്ടാണ് അരുവിക്കര പിടിക്കാനായുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
മണ്ഡലത്തിൽ യുവനേതാക്കളെയാണ് സിപിഎം പരിഗണിക്കുന്നത്. നായർ, മുസ്ലിം, നാടാർ വിഭാഗങ്ങൾക്കാണ് ഇവിടെ മുൻതൂക്കം.
കഴിഞ്ഞ തവണ മണ്ഡലവുമായി ബന്ധമില്ലാത്ത എ.എ റഷീദ് ആയിരുന്നു ഇവിടെ സിപിഎം സ്ഥാനാർഥി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജു ഖാനാണ് ഇത്തവണ സിപിഎം സ്ഥാനാർഥി പട്ടികയിൽ മുന്പിൽ.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കഴിഞ്ഞ തവണത്തെ സ്ഥാനാർഥി എ.എ റഷീദ്, ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷറർ കെ.എസ് സുനിൽ കുമാർ എന്നിവരും സിപിഎം സ്ഥാനാർഥി പട്ടികയിലുണ്ട്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
മുൻ വർഷങ്ങളിലേക്കാൾ വലിയ സ്വാധീനം നേടാൻ ഇത്തവണ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. പല പഞ്ചായത്തുകളിലും ഇപ്പോൾ ബിജെപി മെന്പർമാരുടെ സ്വാധീനം ഉണ്ട്.
ജി. കാർത്തികേയൻ അന്തരിച്ചതിനെത്തുർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ മത്സരിക്കാനെത്തിയ ശേഷമാണ് ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിൽ വർധനയുണ്ടായത്.