എം. പ്രേംകുമാർ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ പാർട്ടിയിൽ ആ സ്ഥാനത്തെത്താൻ മോഹിച്ചിരുന്നവർ നിരവധിയാണ്.
പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ ഇങ്ങനെയായിരുന്നു ആ നിര.
പക്ഷേ, ഒരേ സമയം സർക്കാരിലും പാർട്ടിയിലും സർവാധിപത്യമുള്ള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും നിശ്ശബ്ദനാക്കിക്കൊണ്ടുള്ള തീരുമാനമാണു സിപിഎം കേന്ദ്ര നേതൃത്വത്തിൽനിന്നുണ്ടായത്.
പാർട്ടിയുടെ ബൗദ്ധികമുഖം കൂടിയായ എം.വി. ഗോവിന്ദനെ കോടിയേരിയുടെ പകരക്കാരനാക്കുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താത്പര്യം കൂടിയുണ്ട്.
യെച്ചൂരിയുടെ തീരുമാനം പിണറായി വിജയനും മനസില്ലാ മനസോടെ അംഗീകരിക്കേണ്ടിവന്നു.ഇ.പി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കാനും എ.കെ. ബാലനെ ഇടതുമുന്നണി കണ്വീനറാക്കാനുമായിരുന്നു പിണറായി വിജയനു താത്പര്യം.
മന്ത്രിസഭാ പുനഃസംഘടന ഒഴിവാക്കാൻകൂടിയാണ് ഇങ്ങനെയൊരു നീക്കത്തിന് അദ്ദേഹം താത്പര്യമെടുത്തത്. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായാൽ മന്ത്രിസഭയിൽ മാറ്റങ്ങൾ വേണ്ടിവരും.
അങ്ങനെ വന്നാൽ മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണിക്കുള്ള സാധ്യതയും മുഖ്യമന്ത്രി മുൻകൂട്ടി കണ്ടിരുന്നു.സിപിഎം സമ്മേളനങ്ങളിൽ മന്ത്രിമാർക്കെതിരേ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു നീക്കമുണ്ടായാൽ അതു തന്റെ അപ്രമാദിത്വത്തെ ബാധിക്കുമെന്നും അദ്ദേഹം ഭയപ്പെട്ടു.
ഇതിന്റെകൂടി അടിസ്ഥാനത്തിലാണു തന്റെ വിശ്വസ്തരായ ഇപിയെയും ബാലനെയും പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ പിണറായി വിജയൻ ആഗ്രഹിച്ചത്.
പരോക്ഷമായിട്ടാണെങ്കിലും പാർട്ടിക്കു സർക്കാരിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഇതു കേന്ദ്രനേതൃത്വത്തിനും ബോധ്യമുള്ള കാര്യമാണ്.
എന്നാൽ കേരളത്തിൽ മാത്രമാണു പാർട്ടി അധികാരത്തിലുള്ളതെന്ന രാഷ്ട്രീയ തിരിച്ചറിവിലാണു, തിരുത്തൽ വരുത്തേണ്ട സന്ദർഭങ്ങൾ പലതുണ്ടായിട്ടും സിപിഎം കേന്ദ്രനേതൃത്വം കണ്ണടച്ചത്.
ഈ സാഹചര്യത്തിലാണു പൊതുവേ നിഷ്പക്ഷനെന്ന് അറിയപ്പെടുന്ന എം.വി. ഗോവിന്ദനെ പാർട്ടിയുടെ സംസ്ഥാന അമരക്കാരനായി കൊണ്ടുവരാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മനസിനൊപ്പമായിരുന്നു പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും.പുതിയ സെക്രട്ടറി ആരാകണമെന്നു കോടിയേരിയോടു യെച്ചുരിയടക്കമുള്ള കേന്ദ്ര നേതാക്കൾ അഭിപ്രായം ചോദിച്ചെങ്കിലും അദ്ദേഹം ആരുടെയും പേരും പറഞ്ഞില്ല.
പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നാണു തന്റെ വിശ്വാസമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടിയേരിയുടെ ഈ മൗനം എം.വി. ഗോവിന്ദനെ സെക്രട്ടറിയാക്കാനുള്ള പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങൾക്കു തുണയായി.
ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴിയുന്പോൾ പകരക്കാരനെ തീരുമാനിച്ചാൽ മതിയെന്നും അല്ലാതെ മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി വേണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതു മുഖ്യമന്ത്രി പിണറായി വിജയനു ആശ്വാസമായി.
എന്നാൽ മന്ത്രിസഭാ പുനഃസംഘടന അനിവാര്യമാണെന്നു സംസ്ഥാന സമിതിയിൽ ചർച്ചയുണ്ടായാൽ മുഖ്യമന്ത്രിക്ക് അത് അംഗീകരിക്കേണ്ടി വരും.
1998-ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ മരണത്തെത്തുടർന്ന് അന്നു നായനാർ സർക്കാരിൽ വൈദ്യുതി വകുപ്പു മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു സെക്രട്ടറിയായി എത്തിയത്.
രണ്ടര പതിറ്റാണ്ടിനു ശേഷം അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി പദവി ഒഴിയുന്പോൾ മന്ത്രിയായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയെന്നുള്ളതു സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിലെ മറ്റൊരു പ്രത്യേകതയായി പറയാം.