അമ്പലപ്പുഴ: ലക്ഷങ്ങൾ സാമ്പത്തിക ക്രമക്കേട് നടന്ന സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിനെതിരേ പ്രതികരിക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം.സേവ് യുഡിഎഫ് കൂട്ടായ്മ എന്ന പേരിൽ രൂപവത്കരിച്ച പുതിയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കോൺഗ്രസിനെതിരേ പ്രചരണം നടക്കുന്നത്.
അമ്പലപ്പുഴ സർവീസ് സഹകരണ സംഘം 105ാം നമ്പറിന് കീഴിലുള്ള കൊപ്പാറക്കടവിന് സമീപം പ്രവർത്തിക്കുന്ന എക്കോ ഷോപ്പിലെ ജീവനക്കാരിയായ അർച്ചനാ ആനന്ദാണ് ലക്ഷങ്ങളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ഇവർ 11 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു.
എങ്കിലും പോലീസിൽ പരാതി നൽകാൻ സംഘം അധികൃതർ തയാറായില്ല. സസ്പെൻഷൻ കാലാവധി കഴിയുന്ന ജീവനക്കാരിയെ തിരിച്ചെടുക്കാനാണ് നീക്കം.എംഎൽഎ ഇടപെട്ടാണ് ജീവനക്കാരിയെ തിരിച്ചെടുക്കാൻ നീക്കം നടത്തുന്നതെന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നു.എന്നിട്ടും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരേയാണ് സേവ് കൂട്ടായ്മ ലഘുലേഖയുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നത്.
എംഎൽഎയ്ക്ക് സംരക്ഷണമൊരുക്കുന്ന തരത്തിലാണ് അമ്പലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് നേതൃത്വം പ്രവർത്തിക്കുന്നതെന്നും സേവ് യുഡിഎഫ് കൂട്ടായ്മ ആരോപിക്കുന്നു. ഇതിനുമുന്പ് സ്ഥലം വാങ്ങിയതിലും ക്രമക്കേട് നടന്നിട്ടും കോൺഗ്രസ് പ്രതികരിച്ചിരുന്നില്ല. ജീവനക്കാരിയുടെ അഴിമതി പുറത്തുവന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ജീവനക്കാരിയെ തിരിച്ചെടുക്കാൻ നീക്കംനടന്നിട്ടും ഒരു സമരം പോലും സംഘടിപ്പിക്കാൻ കോൺഗ്രസ് തയാറാകാത്തതിനെതിരേ അണികളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. .