പാറശ്ശാല: പാറശാലയിൽ സിപിഎം-ബിജെപി സംഘർഷം തുടരുന്നു. പാറശ്ശാല പഞ്ചായത്തു പ്രസിഡന്റിന്റെയും സി പി എം പാറശ്ശാല ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടേയും വീടുകൾ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ തുടർച്ചയായി ഇന്ന് പുലർച്ചെ 2 . 20 ടെയാണ് സംഭവം.
പാറശ്ശാല ജംഗ്ഷനിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീടിനു മുന്നിൽ ഇരുചക്ര വാഹനത്തിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് സെക്രട്ടറി ബിജു പറഞ്ഞു. കൂട്ടമായി എത്തിയവർ മുൻവശത്തെ ഇരുവശങ്ങളിലും ഉള്ള ജനലിന്റെ അഞ്ചു പാളികൾ അടിച്ചു തകർക്കുകയും കതകിലും വീടിനു മുന്നിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനത്തിലും വാളുകൊണ്ട് വെട്ടുകയുമായിരുന്നു വന്നു ബിജു പറഞ്ഞു.
വീടിന്റെ മുൻവശത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു ബിജുവിന്റെ വൃദ്ധയായ മാതാവിന്റെ വിളി കേട്ടാണ് വീട്ടിലുള്ളവർ ഉണർന്നത്. വീടിനുള്ളിൽ ലൈറ്റ് തെളിയിച്ചപ്പോഴേക്കും അക്രമിസംഘം ഇരുചക്ര വാഹനങ്ങളിൽ രക്ഷപ്പെടുകയായിരുന്നു. പൊട്ടിയ ജനൽ ചില്ലുകൾ മാതാവിന്റെ കട്ടിലിൽ തെറിച്ചുവീണിരുന്നു.
പുലർച്ചെ തന്നെ പ്രസിഡന്റിന്റെ വീട്ടിലും ആക്രമണം നടത്തുകയായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയവർ പ്രസിഡണ്ട് ഉറങ്ങുകയായിരുന്ന മുൻവശത്തെ മുറിയുടെ ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞ ഏഴിനാണ് സംഘർഷത്തിന് കാരണമായ സംഭവം ഉണ്ടായത്.
പദയാത്ര നടത്തിയ ബി ജെ പി പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിൽ ചെക്ക്മൂട്ടിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. തുടർന്ന് അതുമായി ബന്ധപ്പെട്ടു ഇന്നലെ ഉച്ചയോടെ ഒരു ബി ജെ പി പ്രവർത്തകനെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിക്കാൻ ശ്രമിച്ചിരുന്നു.
വൈകുന്നേരം 6 . 30 മണിയോടെ ഇഞ്ചിവിളയിലെ ബി ജെ പി നേതാവിന്റെ വീട്ടിലെ പാർടി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ബി ജെ പി പ്രവർത്തകരുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടുകയും അഞ്ച് ഡിവൈെഫ്ഐ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . തുടർന്നാണ് ഇന്ന് പുലർച്ചെ പ്രസിഡന്റിന്റെയും എൽ സി സെക്രട്ടറിയുടെയും വീടുകൾ ആക്രമിക്കപ്പെട്ടത്.
സംഘർഷ സാധ്യത മുന്നിൽ കണ്ടു വൻ പോലീസ് സംഘം പാറശാലയിൽ ക്യാമ്പ് ചെയ്യുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ നെടുവാൻവില സ്വദേശി രാജാറാം (24 ), ഇഞ്ചിവിള സ്വദേശി വിപിൻ (24 ), എബിനേഷ് (23 ), പാറശാല സ്വദേശി അനിൽ കുമാർ (23 ), ഇടിച്ചക്കപ്ലാമൂട് സ്വദേശി അബു താഹിർ (22 ) എന്നിവർക്കാണ് പരിക്കേറ്റത്.സംഘർഷത്തിൽ 5 ബൈക്കുകളും ഒരു കടയും തകർന്നു.