പരുത്തുംപാറ: ചോഴിയക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിൽ സിപിഎം പ്രവർത്തകരായ അഞ്ചു പേർക്കെതിരെയും ബിജെപി പ്രവർത്തകരായ ആറു പേർക്കെതിരെയും ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഘർഷത്തെ തുടർന്ന് ഇരുവിഭാഗങ്ങളും പോലീസിൽ പരാതി നൽകിയിരുന്നു. ഞായാറാഴ്ച വൈകുന്നേരം ചോഴിയക്കാട്ട് ഡിവൈ എഫ്ഐ യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി പ്രകടനവും, പൊതുസമ്മേളനവും നടന്നിരുന്നു. ഇതിന് ശേഷമാണ് സ്ഥലത്ത് ആർഎസ്എസും സിപിഎമ്മും തമ്മിൽ സംഘർഷം നടന്നത്.
ആർഎസ്എസിന്റെ കൊടിമരങ്ങളും വാർത്തബോർഡുകളും നശിപ്പിച്ചെന്നാരോപിച്ച് തിങ്കളാഴ്ച സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അതിനുശേഷം ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടിനു മുന്നിൽ സംഘർഷാവസ്ഥയുണ്ടായി.
തുടർന്ന് ആർഎസ്എസ് പ്രവർത്തകനായ അനീഷ് അന്പലക്കരോട്ടിന്റെ വീടിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. വൻപോലീസ് സന്നാഹം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നതിനാൽ തുടർന്ന് കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ല.