തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം- ബിജെപി സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരേ കല്ലേറുണ്ടായി.
കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. വട്ടിയൂർക്കാവ് മേലേത്തുമലയിൽ സിപിഎമ്മിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
അതിനിടയിൽ മണികണ്ഠേശ്വരത്ത് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി. അനൂപിനും ചില പ്രവർത്തകർക്കും എതിരേ ആക്രമണമുണ്ടായി.
സിപിഎം നേതാക്കൾക്കും അവരുടെ ഓഫീസുകൾക്കും വസതികൾക്കുമെതിരായ അക്രമത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ദിവസം വഞ്ചിയൂരിൽ എൽഡിഎഫ് വികസന ജാഥയ്ക്കിടെ എബിവിപി- സിപിഎം സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ എബിവിപി ഓഫീസ് തകർക്കപ്പെട്ടു.
24 മണിക്കൂർ തികയും മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടു. ഇത്തരത്തിൽ ജില്ലയിലാകെ സംഘർഷവും അക്രമവും പടരുകയാണ്.
പോലീസ് നോക്കിനിൽക്കെയാണ് സിപിഎം ഓഫീസിനു നേരേ കല്ലേറുണ്ടായത്. അതേസമയം, ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് എബിവിപി പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
മൂന്നു പേരെ ഇന്നലെ പുലർച്ചെയോടെയും രണ്ടു പേരെ വൈകുന്നേരത്തോടെയുമാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇവരിൽ മൂന്നു പേരെ പുലർച്ചെ അഞ്ചോടെ ഇവർ ചികിത്സയിലുണ്ടായിരുന്ന ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ലാൽ, സതീർഥ്യൻ, ഹരി ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപ്, സെഫിൻ എന്നിവരെ വൈകുന്നേരത്തോടെയും അറസ്റ്റ് ചെയ്തു.
പ്രതികൾ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം നടന്നത്.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരേ കല്ലെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ു