തലശേരി: ധർമടം മേലൂരിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചിറക്കുനി കൈരളി വായനശാലയ്ക്ക് സമീപം താമസിക്കുന്ന അഭീഷിനെ (33) പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ താടിയെല്ലും മൂക്കിന്റെ പാലവും തകർന്നതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
മേലൂർ കെ.ടി പീടികയ്ക്ക് സമീപം ഇന്നലെ അർധരാത്രിയിലാണ് സംഭവം. ബൈക്കിലെത്തിയ എട്ടോളം ബിജെപി-ആർഎസ്എസ് സംഘമാണ് അഭീഷിനെ ആക്രമിച്ചതെന്ന് സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ അഭീഷിനെ അക്രമിസംഘം റോഡിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായ പരിക്കേറ്റ ഇയാളെ നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ധർമടം പോലീസ് സ്ഥലത്തെത്തുകയും പ്രതികൾക്കായി തെരച്ചിൽ നടത്തുകയും ചെയ്തു. ചക്കരക്കൽ: ചക്കരക്കൽ പാളയത്തും ബാവോട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് പരിക്ക്.
ബാവോട്ടെ സിപിഎം പ്രവർത്തകരായ ഷൈജു, ദിവീഷ്, ഷിജു, ശ്രീരാഗ് എന്നിവരെ പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.റോഡരികിൽ നിൽക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകരായ വിഷ്ണു, മിഥുൻ, വൈഷ്ണവ് തുടഹ്ങി കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ചേർന്ന് ഇരുന്പുവടികൊണ്ടും ഹെൽമറ്റ് കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തികച്ചും സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷത്തിന് വിത്തുപാകാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ചക്കരക്കൽ എസ്ഐ പി. ബിജുവിന്റെ നേതൃത്വത്തിൽ ഇന്നു പുലർച്ചെ പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ല. സ്ഥലത്ത് പോലീസ് കാവൽ തുടരുകയാണ്.