ശ്രീകണ്ഠപുരം(കണ്ണൂർ): ചെങ്ങളായി മൊയാലം തട്ടിൽ സിപിഎം-ആർഎസ്എസ് സംഘർഷം. 6 പേർക്ക് പരിക്കേറ്റു. സിപിഎം മൊയാലംതട്ട് ബ്രാഞ്ച് സെക്രട്ടറി ഷിന്റോ തോമസ് (37), പ്രവർത്തകരായ എ.കെ. ബിനു (35), സി. സുഗീഷ് (31), കെ. മനു (33), ആർഎസ്എസ്ചുഴലി മണ്ഡൽ ശാരീരിക് പ്രമുഖ് ഇ. രജിത്ത് (29), ചെങ്ങളായി മണ്ഡൽ കാര്യഹ് പി. അഖിൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ആർഎസ്എസ് പ്രവർത്തകരെ ലൂർദ്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വാക്ക് തർക്കത്തെത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പുറമെ നിന്ന് ആയുധ പരിശീലനം നേടിയെത്തിയ ആർഎസ്എസ് പ്രവർത്തകർ നാട്ടിൽ സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം ലോക്കൽ കമ്മിറ്റി ആരോപിച്ചു.
ഒരു തരത്തിലുള്ള പ്രകോപനങ്ങളോ പ്രശ്നങ്ങളോ നിലനിൽക്കാത്ത സ്ഥലത്ത് സിപിഎം മനഃപൂർവം അക്രമമുണ്ടാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്ക് തളിപ്പറമ്പ് തലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടി കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു.