കോട്ടയം: കുമരകത്ത് വള്ളംകളി പരിശീലന തുഴച്ചിൽ കാണാനെത്തിയ ബിജെപി പ്രവർത്തകരെ മർദിച്ച കേസിൽ സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കുമരകം തൈപറന്പിൽ അന്പിളി എന്നു വിളിക്കുന്ന മിഥുൻ (23) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി അടിപിടി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോട്ടയം ഈസ്റ്റ് സിഐ സാജു വർഗീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുമരകത്തെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി ആറ് പ്രതികളാണുള്ളത്. ഇനി അഞ്ചു പേർ പിടിയിലാകാനുണ്ട്. ഇന്നലെ വൈകുന്നേരം മുത്തേരിമട ആറിന്റെ തെക്ക് ഭാഗത്ത് നടന്ന സംഘർഷത്തിൽ ആന്റണി ആന്റണി അറയിൽ, മഹേഷ് കണ്ടാന്തറ എന്നീ ബിജെപി പ്രവർത്തകർക്കാണ് മർദനമേറ്റത്.
ആന്റണി ആന്റണി ബിജെപി ഏറ്റുമാനൂർ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. മഹേഷ് കുമരകത്ത് ബിഎംഎസ് പ്രസിഡന്റാണ്. സിപിഎം-ബിജെപി അക്രമം തുടർന്നുണ്ടാകാതിരിക്കാൻ കഴിഞ്ഞ ദിവസം രണ്ടു പാർട്ടികളുടെയും നേതാക്കൾ ചേർന്ന് സമാധാന ചർച്ച നടത്തിയിരുന്നു.