പയ്യന്നൂര്‍(കണ്ണൂർ): കോറോം നെല്യാട്ടും ആലക്കാട്ടും ഇന്നലെ രാത്രിയിൽ തുടങ്ങിയ ബിജെപി-സിപിഎം സംഘർഷം തുടരുന്നു. അക്രമസംഭവങ്ങളില്‍ സിപിഎം നേതാവുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്.ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. ബിജെപി നേതാവിന്റെയും ആഎസ്എസ് പ്രവര്‍ത്തകന്റെയും വീടിന് സമീപം ബോംബ് സ്ഫോടനവുമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കോറോം നെല്യാട്ട് ഗവ.ഹൈസ്കൂളിന് സമീപത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്യലാട്ട് കരിപ്പത്ത് സനല്കുമാറിനും (30) ഡിവൈഎഫ്ഐ നെല്യാട്ട് യൂണിറ്റ് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ രമേഷിനും (30) നേരെ അക്രമമുണ്ടായത്.
അക്രമത്തില്‍ പരിക്കേറ്റ ഇവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘടിച്ച് മാരകായുധങ്ങളുമായി വീട്ടിലേക്കെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് സനല്‍കുമാറിന്റെ ഇടതു കൈ തകര്‍ന്നിട്ടുണ്ട്.
ഇതിനുശേഷം പത്തരയോടെയാണ് നെല്യാട്ട് കോളനിയിലെ നെല്യാട്ട് ഹൗസില്‍ ജിഷാദിന്റെ വീടിന് നേരെ അക്രമമുണ്ടായത്. ജിഷാദിനെ അന്വേഷിച്ചെത്തിയ അക്രമിസംഘം ജിഷാദിന്റെ വീട് അടിച്ച് തകര്‍ത്തു. ജിഷാദിന്റെ കുടുംബത്തിന് ബിജെപി പ്രവര്‍ത്തകര്‍ നിര്‍മിച്ചു കൊടുത്ത വീടിന് നേരെയാണ് അക്രമണമുണ്ടായത്.
അക്രമത്തില്‍ പരിക്കേറ്റ ജിഷാദിന്റെ സഹോദരി ലീഷ്മ (38), ലീഷ്മയുടെ മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി അശ്വതി എന്നിവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ അശ്വതിയുടെ കഴുത്ത് പിടിച്ച് ഞെരിക്കുന്നത് കണ്ടെത്തിയ ലീഷ്മയെ ഉന്തിത്താഴെയിടുകയായിരുന്നുവെന്നും ഒച്ചകേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം ഓടിപ്പോയെന്നുമാണ് ഇവര്‍ പറയുന്നത്.അക്രമത്തില്‍ വീട്ടിലെ ഫര്‍ണീച്ചറുകളും മുറ്റത്തുണ്ടായിരുന്ന ബൈക്കും തകര്‍ത്ത നിലയിലാണ്.
ഇതിനു ശേഷം ഇന്നു പുലർച്ചെ 2.30 ഓടെയാണ് രണ്ട് സ്ഥലങ്ങളിലായി ബോംബ് സ്ഫോടനമുണ്ടായത്. ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ഗംഗാധരന് കാളീശ്വരത്തിന്റെ വീടിന് മുമ്പിലെ റോഡിലും ആര്‍എസ്എസ് പ്രവര്ത്തകന് ആലക്കാട് ബിജുവിന്റെ വീടിന് മുന്നിലെ റോഡിലുമാണ് ബോംബ് സ്ഫോടനമുണ്ടായത്. അക്രമം വ്യാപിക്കാതിരിക്കാന്‍ ഈ പ്രദേശങ്ങളില്‍ രാത്രിമുതല്‍ പെരിങ്ങോം എസ്ഐ എം.സജിത്തിന്റെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.