കണ്ണൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കുനേരെ നടന്ന ബോംബേറുകേസിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. പന്തക്കൽ ഉൗരോത്തുമ്മൽ ഭാഗം ബ്രാഞ്ച് സെക്രട്ടറി പന്തക്കലിലെ കുന്നത്താംപറന്പിൽ ബിജു, സിപിഎം പ്രവർത്തകനും ബിജുവിന്റെ സുഹൃത്തുമായ പന്തക്കൽ ഇടയിൽപീടികയ്ക്ക് സമീപം തുവരക്കുന്നിൽ റിനോജ് എന്നിവരെയാണു മാഹി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെ പന്തക്കൽ ഭാഗത്തുനിന്ന് പള്ളൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവെ ഉൗരോത്തുമ്മൽ കവാടത്തിന് സമീപം തൻറെ സ്കൂട്ടറിനുനേരെ ഒരു സംഘം ബോംബെറിഞ്ഞെന്നും നിയന്ത്രണം വിട്ടുമറിഞ്ഞ് കാലിനും ചെവിക്കും പരിക്കേറ്റെന്നും ബിജു പള്ളൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയും തേടി.
പോലീസ് അന്വേഷണം പുരോഗമിക്കവേ പള്ളൂർ സിപിഎം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റക്കാരായ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ബിജെപിക്കെതിരേ ആരോപണമുന്നയിക്കുകയും ചെയ്തു. ഇതിനിടെ മാഹി പോലീസ് ശാസ്ത്രീയരീതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു.
സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായത്.പോലീസ് സൂപ്രണ്ട് വംശീധര റെഡ്ഡിയുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ ബിജു തന്റെ സുഹൃത്തായ റിനോജിക്കൊണ്ടു സ്കൂട്ടറിനുനേരെ നാടൻ ബോംബ് എറിയിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സിപിഎം-ബിജെപി രാഷ്ട്രീയസംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് ബിജെപി പ്രവർത്തകരെ കുടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി ചെയ്തതായിരുന്നു ബോംബാക്രമണമെന്നും പോലീസ് വ്യക്തമാക്കി. മാഹി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.