ജോണ്സണ് വേങ്ങത്തടം
കോട്ടയം: കൊട്ടിഘോഷിച്ച് സിപിഎം നടത്തിയ പാർട്ടി നടപടികളെ നോക്കുകുത്തിയാക്കി നടപടിക്ക് വിധേയരായവർ പാർട്ടി സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തത് വിവാദമായി.
എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ 19നും അതിനടുത്ത ദിവസങ്ങളിലും നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് അച്ചടക്ക നടപടികൾക്കു വിധേയരായവർ ഉദ്ഘാടകരും പ്രധാന നടത്തിപ്പുകാരുമായി മാറിയത്.
സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങളെ തരംതാഴ്ത്തി കാട്ടുന്നതായി മാറി ഒരു വിഭാഗം നേതാക്കളുടെ പ്രവർത്തനങ്ങൾ.
പാർട്ടിയുടെ സംഘടനാ സംവിധാന പ്രകാരം നടപടികൾക്ക് വിധേയരായവർ ഉദ്ഘാടകരും നടത്തിപ്പുകാരുമാകാൻ പാടില്ലെന്ന ചട്ടങ്ങൾ മറികടന്നാണ് ഉദ്ഘാടന മഹാമഹങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അതേസമയം നടപടിക്കു വിധേയരായവർ പറയുന്നത് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമാകാത്തതിനാൽ അതുവരെ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാമെന്നാണ്.
ഇത്തരം സാങ്കേതികതയുടെ മറവുപിടിച്ച് അച്ചടക്ക നടപടികളെ അപ്രസക്തമാക്കുന്നത് പാർട്ടി അണികളിൽ ശക്തമായ എതിർപ്പാണുണ്ടാക്കിയിരിക്കുന്നത്.
ഇത്തരം നടപടികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഭൂരിപക്ഷം ജില്ലകളിലും നടന്നത്.
ജില്ലാ തലങ്ങളിലെ നേതാക്കൾക്കെതിരെ കടുത്ത നടപടിയുണ്ടായ എറണാകുളം ജില്ലയിൽ ഇത്തരം നേതാക്കൾ സമ്മേളനങ്ങളുടെ പ്രധാന നടത്തിപ്പുകാരും ഉദ്ഘാടകരുമായത് പാർട്ടിയിൽ ഇതുവരെയില്ലാത്ത വിധം വിമർശനങ്ങളിലേക്കാണ് വഴിതുറന്നത്.
നടപടിക്കു വിധേയരായവരെ അനുകൂലിക്കുന്ന വിഭാഗങ്ങളിൽപ്പെട്ടവർ പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന ചിത്രങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഇപ്പോൾ അവർക്കുതന്നെ വിനയായിരിക്കുകയാണ്.
ഈ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം പ്രവർത്തകർ ഇപ്പോൾ സംസ്ഥാന കമ്മറ്റിക്കു പരാതി നൽകിയിരിക്കുകയാണ്.പാർട്ടി സംസ്ഥാന നേതൃത്വം ഇക്കാര്യം ഗൗരവമായെടുക്കുമെന്നാണ് പ്രവർത്തകർ കരുതുന്നത്.
ഈയാഴ്ചയിലും നടപടികൾക്ക് വിധേയരായവർ പ്രധാനികളാകുന്ന ഒട്ടേറെ ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുന്നത്. പാർട്ടി നടപടികളുടെ വില കുറച്ച് കാണുന്ന ഈ പ്രവണതയ്ക്കെതിരെ ഒട്ടേറെ ബ്രാഞ്ചുകളിൽനിന്ന് പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്.
ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ശേഷം ഒക്ടോബർ ആദ്യമാണ് ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കുന്നത്.