അമ്പലപ്പുഴ: ലഹരി വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരി മാഫിയയുടെ ക്രൂര മർദനം.
മർദിച്ചത് സിപിഎം പ്രവർത്തകർ തന്നെയെന്ന് ആക്ഷേപം. ആലപ്പുഴ മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി കണിയാപറമ്പ് സോണി ജോസഫി (41) നാണ് മർദനമേറ്റത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സമാപനം ഇവിടെയായിരുന്നു നിശ്ചയിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ നടക്കുന്നതിനിടെ ലഹരിമാഫിയാ സംഘം ഇദ്ദേഹത്തിനു നേരെ വധഭീഷണിയും മുഴക്കിയിരുന്നു.
രാവിലെ തന്റെ വാഹനത്തിൽ പരിപാടിക്ക് ജനറേറ്ററെടുക്കാൻ പോയപ്പോൾ സുനീർ, സുനി എന്നിവർ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.
മാരകായുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ അക്രമികൾ കടന്നു കളഞ്ഞു. ഗുരുതര പരിക്കേറ്റ സോണിയെ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.