പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോല്‍വി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തരാവും മുമ്പ് സിപിഎമ്മിന് നിരാശ പകര്‍ന്ന് മറ്റൊരു തോല്‍വിയുടെ വാര്‍ത്ത കൂടി.
ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റില്‍ സിപിഎം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബോക്സാ നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി തഫാജ്ജല്‍ ഹുസൈന് 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തഫാജ്ജല്‍ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. ബോക്സാനഗറില്‍ സിപിഎമ്മിന്റെ ഷംസുല്‍ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്.
4,849 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് മകന് മിസാന്‍ ഹുസൈന് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്.
ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധന്‍പൂരിലും ബിജെപി വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്.
ബിന്ദു ദേബ്നാഥിന് 30,017 വോട്ടും സിപിഎമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്.
2023ലെ തെരഞ്ഞെടുപ്പില്‍ 3500 വോട്ടിനാണ് ബിജെപിയുടെ പ്രതിമ ഭൗമിക് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. തുടര്‍ന്ന് വോട്ടെണ്ണല്‍ ബഹിഷ്കരിക്കുകയും ചെയ്തു.
ബോക്സാനഗറില്‍ വ്യാപക അക്രമം നടന്നതായും ബൂത്തുകള്‍ പിടിച്ചെടുത്തതായും സിപിഎം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിരുന്നില്ല.