തൊടുപുഴ: ഗതാഗത തടസം ഉണ്ടാക്കിയ സിപിഎം നേതാവിന്റെ കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട സിവില്‍ പോലീസ് ഓഫീസറെ സിപിഎം വാര്‍ഡു മെംബറുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ എം.എസ് ഷാജിക്കാണ് മര്‍ദനമേറ്റത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ കുമളി ടൗണിലായിരുന്നു സംഭവം. ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി കുമളി ടൗണില്‍ ഗതാഗത നിയന്ത്രണം നടത്തുന്നതിനിടെയാണ് ഷാജിക്ക് മര്‍ദനമേറ്റത്. വണ്ടന്മേട് ജംഗ്ഷനില്‍ മറ്റൊരു വാഹന യാത്രികരുമായി നടുറോഡില്‍ തര്‍ക്കത്തിലേര്‍പ്പെട്ട സിപിഎം നേതാവിനോട് ഗതാഗത തടസം ഉണ്ടാക്കിയ കാര്‍ മാറ്റിയിടാന്‍ ഷാജി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനു തയാറാകാതെ വാഹനത്തിനു പുറത്തിറങ്ങി സിപിഎംനേതാവിന്റെ നേതൃത്വത്തില്‍ തര്‍ക്കം തുടരുന്നതിനിടെ ഷാജി കാര്‍ മാറ്റിയിട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനു ശേഷം ഷാജി സ്റ്റേഷനിലേയ്ക്കു മടങ്ങുകയും ചെയ്തു. തുടര്‍ന്നു കുമളി ടൗണിലുള്ള റൂമില്‍ വിശ്രമിക്കാന്‍ പോയ ഷാജിയെ പിന്തുടര്ന്നെത്തിയ ഏഴോളം പേര് റൂമില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. തലയ്ക്കും ചെവിയ്ക്കും വയറിനും പരിക്കേറ്റ ഷാജിയെ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കുശേഷം തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കുമളി പോലീസ് കേസെടുത്തു.