ചാലക്കുടി: സിപിഎമ്മിൽ ഗ്രൂപ്പ് വടംവലി മുറുകുന്നു. നഗരസഭ സിപിഎം കൗൺസിലർ വി.ജെ. ജോജി സിപിഎം അംഗത്വത്തിൽ നിന്ന് രാജിവച്ചു.
നിലവിൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ ജോജി അടക്കം മൂന്നുപേരെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് ജോജി നേതൃത്വത്തിനു നൽകി.
ജോജിയെ കൂടാതെ സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സിഐടിയു നേതാവ് കെ.എ. പാവുണ്ണി, മഹിളാ അസോസിയേഷൻ നേതാവ് ടി.എ. ഷീജ എന്നിവരെയാണ് ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്.
ബി.ഡി. ദേവസി എംഎൽഎയെ അനുകൂലിക്കുന്ന വിഭാഗത്തിൽപ്പെട്ടവരാണ് പുറത്താക്കപ്പെട്ടത്. എംഎൽഎയെ അനുകൂലിക്കുന്ന സി.കെ. വിൻസെന്റിനെയും പുറത്താക്കാൻ ശ്രമിച്ചെങ്കിലും വിശദീകരണം നൽകിയതിനാൽ നടപടി ഒഴിവാക്കി.
പാർട്ടി തീരുമാനമില്ലാതെ വി.ജെ. ജോജി സ്വതന്ത്രനായി സിപിഐയുടെ വാർഡായ ഗായത്രി അശ്രമം വാർഡിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങിയതിനെ ലോക്കൽ കമ്മിറ്റി ജോജിയോട് വിശദീകരണം ചോദിക്കുകയും, മത്സരിക്കാൻ ഇറങ്ങുന്നത് വിലക്കുകയും ചെയ്തിരുന്നു.
എന്നാൽ പാർട്ടി വിലക്ക് ലംഘിച്ച് വീണ്ടും ജോജി വാർഡിൽ പ്രവർത്തനരംഗത്തിറങ്ങുകയും ചെയ്തിരുന്നു. സിപിഎമ്മിൽ എംഎൽഎയെ അനുകൂലിക്കുന്ന വിഭാഗത്തെ വെട്ടിനിരത്താൻ ശ്രമിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
കഴിഞ്ഞ ലോക്കൽ കമ്മിറ്റി യോഗം തന്നെ അറിയിക്കാതെയാണ് ചേർന്നതെന്നും ഈ യോഗത്തിൽവച്ച് തന്നോട് വിശദീകരണം ചോദിക്കാൻ തീരുമാനിക്കുകയാണ് ഉണ്ടായതെന്നും ജോജി പറയുന്നു. തന്നെ പുറത്താക്കാൻ തീരുമാനിച്ച യോഗവും തന്നെ അറിയിച്ചില്ല.
നഗരസഭ ഭരണത്തിൽ സ്വതന്ത്രൻമാരെ വിശ്വാസത്തിലെടുക്കാതിരിക്കുന്നത് പാർട്ടിക്കു വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സ്വതന്ത്രൻമാർ ഇടതുമുന്നണിയിൽ ചേരാതെ ഒറ്റയ്ക്കു ഭൂരിഭാഗം വാർഡുകളിൽ മത്സരിക്കുമെന്നും ജോജി മുന്നറിയിപ്പു നൽകി.
വൈസ് ചെയർമാൻ പി.കെ. വിൻസെന്റ്, യു.വി. മാർട്ടീൻ, സെന്റ് മേരീസ് പള്ളി വാർഡിൽ ജോജോ ഉൾപ്പടെ നഗരസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്നും മുന്നറിയിപ്പു നൽകി.