ചേർത്തല: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെന്മലയിൽ പ്രണയ സല്ലാപം നടത്തിയ യുവ നേതാക്കളെ സിപിഎം പുറത്താക്കി. സിപിഎം യുവനേതാക്കളുടെ പ്രണയം വിവാദമായതിനെ തുടർന്നാണ് ഇരുവരെയും പാർട്ടിയിൽനിന്നു പുറത്താക്കിയത്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പ്രണയം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണു പാർട്ടിക്കു തലവേദനയായത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ ഇവർ തെന്മല വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രണയ സല്ലാപം നടത്തുന്ന ദൃശ്യങ്ങൾ വാട്സ് ആപിൽ പ്രചരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു പാർട്ടി അംഗങ്ങൾ തെളിവുകൾ സഹിതം പരാതിയും നൽകിയിരുന്നു.
തുടർന്നാണ് ഇരുവരെയും ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കാൻ ഏരിയാ കമ്മിറ്റി നിർദേശം നൽകിയത്. അതേസമയം, ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സംഭവത്തിനു പിന്നിൽ ഗ്രൂപ്പ് പോരാണു കാരണമെന്നും ആരോപണമുണ്ടായിരുന്നു.