എസ്എന്‍ഡിപി.യുടെ കൊടിമരത്തില്‍ സിപിഎമ്മിന്റെ പതാക ഉയര്‍ത്തിയ സംഭവം വിവാദമായതോടെ പണി കിട്ടിയത് ലോക്കല്‍ സെക്രട്ടറിക്ക്. കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്കിയ ലോക്കല്‍ സെക്രട്ടറി എ ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷിക ദിനത്തിലായിരുന്നു വിവാദക്കൊടി ഉയര്‍ന്നത്. സംഭവത്തില്‍ ലോക്കല്‍സെക്രട്ടറി പരസ്യക്ഷമാപണം നടത്തി. പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.
ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു. ഹൈറേഞ്ച് എസ്എന്‍ഡിപി. യൂണിയനു കീഴിലെ പെരുവന്താനം 561-ാം നമ്പര്‍ ശാഖയുടെ പ്രാര്‍ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്.
പെരുവന്താനം ലോക്കല്‍ സെക്രട്ടറി എ.ബിജുവാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കൊടി ഉയര്‍ത്തുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ കൊടി മാറ്റുകയും പാര്‍ട്ടി നേതാക്കള്‍ എസ്.എന്‍.ഡി.പി. നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
പരസ്യമായി മാപ്പ് പറയണമെന്നും ലോക്കല്‍ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും എസ്എന്‍ഡിപി നേതൃത്വം നിലപാടെടുത്തു. ഇതിനിടെ ലോക്കല്‍ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ ടി രവിക്ക് മാപ്പപേക്ഷ എഴുതിനല്‍കി.
ഹൈറേഞ്ച് യൂണിയന് ഓഫീസില്‍ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നടന്ന പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് രാജി നല്‍കിയത്.