രാജകുമാരി: സിപിഎമ്മിന്റെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്ത്തകന് വീട് നിര്‍മിക്കാനുള്ള ശ്രമം ഏരിയ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളിയെയും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെയും പട്ടികക്കഷണംകൊണ്ട് മര്‍ദിച്ചതായി പരാതി.
ഖജനാപ്പാറ സ്വദേശി ടി. മുരുകന്റെ വീട് നിര്‍മാണമാണ് സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റിയംഗം പി. രവിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞത്.
നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളിയായ ഒഡിഷ സ്വദേശി ഭുവനേശ്, കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം സെക്രട്ടറി സാബു മഞ്ഞനാക്കുഴി എന്നിവർക്കാണ് മർദനമേറ്റത്.
രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ രാജാക്കാട് പോലീസ് കേസെടുത്തു.സിപിഎം പ്രവര്‍ത്തകരായ സന്തോഷ്, മുനിയാണ്ടി എന്നിവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് സിപിഎമ്മും പോലീസിൽ പരാതി നല്കി.
ഇവരും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരെയും മര്‍ദിച്ചിട്ടില്ലെന്നും നടപ്പുവഴി നിഷേധിച്ചതിനും പൊതുമരാമത്ത് റോഡ് കൈയേറി വീട് നിര്‍മിച്ചതിനെതിരെയും പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം പ്രാദേശിക നേതാക്കൾ പറയുന്നു.