സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ്-സിപിഎം നേതാക്കളുടെ സൈബർ പോര്. മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും അധിക്ഷേപിച്ച കെ.സുധാകരനെതിരേയാണ് കെ.കെ.രാഗേഷ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് എത്തിയത്.
ഇതിനു പിന്നാലെ കെ.കെ.രാഗേഷിനെതിരേ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും ഫെയ്സ്ബുക്കിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. പെരിയ കല്യോട്ട് നടന്ന രക്തസാക്ഷി അനുസ്മരണ പ്രസംഗത്തിലാണ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പറഞ്ഞത്.
സുധാകരന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ മുഖ്യമന്ത്രി ആക്ഷേപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനായി ഒരു പോരാളിയായി പടവെട്ടുമ്പോൾ പിണറായി വിജയന്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു എന്നാണ് സുധാകരൻ പരിഹസിച്ചത്.
സുധാകരന്റെ ആക്ഷേപത്തിനെതിരേ കെ.കെ.രാഗേഷ് എംപി രംഗത്തുവരികയായിരുന്നു. രാഗേഷ് പോസ്റ്റ് ഇങ്ങനെയായിരുന്നു…” കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്നാണ് കെ.കെ. രാഗേഷ് പറഞ്ഞത്.
ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽതോന്നിയത് വിളിച്ചുപറയുകയാണ്.
സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു…ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണെന്നാണുമായിരുന്നു കെ.കെ.രാഗേഷിന്റെ പോസ്റ്റ്.
എന്നാൽ, രാഗേഷിന്റെ പോസ്റ്റിനെതിരേ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ആയിരം വാട്സിൽ പ്രകാശിക്കുന്ന ബൾബിനടുത്തേക്ക് മഴപ്പാറ്റകൾ വന്ന് ചിറകടിഞ്ഞ് പോവുന്നത് പോലെയുള്ള അവസ്ഥ വരാതിരിക്കാൻ രാഗേഷ് മാറിപ്പോവുന്നതാണ് നല്ലതെന്നാണ് സതീശൻ പാച്ചേനി ഫെയ്സ്ബുക്കിൽ പറഞ്ഞത്…പാച്ചേനിയുടെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്….
Utter Madness ഉള്ളവർക്ക് ജനങ്ങളെ കാണുമ്പോൾ തന്റെ മാനസികാവസ്ഥയിൽ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ എന്നത് പൊതുജനങ്ങൾക്കറിയാം….
രാജ്യസഭയിലെ അംഗമായ കണ്ണൂരുകാരൻ രാഗേഷിന്റെ എഫ്ബി പോസ്റ്റിൽ വിസർജ്ജിച്ചത് വാരിക്കഴിക്കാൻ തോന്നുന്ന മാനസിക നില ഉള്ളവർ പറയുന്നത് പോലെ പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്നറിയാത്തവരുടെ വികാരമാണ് നിഴലിച്ച് കാണുന്നത്.
18 കോടി രൂപ വാടക നല്കി 9 കോടി രൂപ വിലയുള്ള ഹെലിക്കോപ്റ്ററിൽ യാത്ര ചെയ്ത് മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് എതിരെ കെ.സുധാകരൻ പ്രതികരിച്ചപ്പോൾ ഭരണ സൗകര്യത്തിന്റെ പങ്കു പറ്റുന്നവർക്ക് ചൊറിച്ചിൽ വരുന്നത് സ്വാഭാവികമാണ്…
ബൂർഷ്വായെ തോല്പിക്കാൻ ബൂർഷായുടെ അപ്പൻ ആകണം എന്ന് പറഞ്ഞ് സിനിമയിലെ കഥാപാത്രത്തെ അനുസ്മരിക്കുന്ന ഭരണാധികാരിയുടെ പ്രീതിക്ക് വേണ്ടിയുള്ള രാജ്യസഭാംഗത്തിന്റെ വെപ്രാളം ജനങ്ങൾക്ക് മനസിലാവുന്നുണ്ട്…..
ആയിരം വാട്സിൽ പ്രകാശിക്കുന്ന ബൾബിനടുത്തേക്ക് മഴപ്പാറ്റകൾ വന്ന് ചിറകടിഞ്ഞ് പോവുന്നത് പോലെയുള്ള അവസ്ഥ വരാതിരിക്കാൻ രാഗേഷിനെ ബാധിച്ച അസുഖത്തിന് നല്ല ചികിത്സ വേണ്ടി വരുമെന്നും സതീശൻ പാച്ചേനി പറയുന്നു.