സ്വന്തം ലേഖകൻ
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പിനു തയാറെടുപ്പ് തുടങ്ങിയതോടെ ഇരുമുന്നണികളിലും സജീവമായി സ്ഥാനാർഥി നിർണയ ചർച്ച.
നിലവിൽ ജില്ലയിൽനിന്ന് ഒരു സീറ്റുപോലുമില്ലാത്ത കോൺഗ്രസിനു ജില്ലയിൽനിന്ന് നിയമസഭയിൽ അംഗങ്ങളെ എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഇടതു പക്ഷമാകട്ടെ ജില്ലയിൽനിന്ന് സന്പൂർണ വിജയമാണ് ലക്ഷ്യം വയ്ക്കുന്നത്.
മൊത്തം 13 സീറ്റുകളുള്ള ജില്ലയിൽനിന്ന് യുഡിഎഫിനു രണ്ടു സീറ്റാണുള്ളത്. രണ്ടും മുസ്ലിംലീഗിന്റേത്. കോഴിക്കോട് സൗത്തിൽനിന്നുവിജയിച്ച എം.കെ.മുനീറും കുറ്റ്യാടിയിൽനിന്ന് വിജയിച്ച പാറയ്ക്കൽ അബ്ദുള്ളയും. ബാക്കി പതിനൊന്നും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ.
വടകരയിൽനിന്ന് വിജയിച്ച ജനതാദൾ-എസിന്റെ സി.കെ.നാണു, എലത്തൂരിൽനിന്ന് വിജയിച്ച എൻസിപിയിലെ മന്ത്രി എ.കെ.ശശീന്ദ്രൻ, കുന്നമംഗലത്തുനിന്ന് വിജയിച്ച നാഷണൽ സെകുലർ കോൺഫറൻസിലെ പി.ടി.എ.റഹീം, നാദാപുരത്തുനിന്ന് വിജയിച്ച സിപിഐയിലെ ഇ.കെ.വിജയൻ,കൊടുവള്ളിയിൽ നിന്ന് വിജയിച്ച ഇടതു സ്വതന്ത്രൻ കാരാട്ട് റസാക്ക് എന്നിവരുൾപ്പെടുന്നതാണ് ജില്ലയിൽനിന്നുള്ള ഇടത് എംഎൽഎമാർ.
കെ.ദാസൻ(കൊയിലാണ്ടി), മന്ത്രി ടി.പി.രാമകൃഷ്ണൻ(പേരാന്പ്ര),പുരുഷൻ കടലുണ്ടി (ബാലുശേരി),എ.പ്രദീപ് കുമാർ(കോഴിക്കോട് നോർത്ത്),വി.കെ.സി മമ്മദ്കോയ(ബേപ്പൂർ),ജോർജ് എം.തോമസ്(തിരുവന്പാടി) എന്നിവരാണ് സിപിഎമ്മിന്റെ ജില്ലയിൽനിന്നുള്ള എംഎൽഎമാർ. 2011-ൽ യുഡിഎഫിനു ജില്ലയിൽനിന്ന് മൂന്ന് എംഎൽഎമാരുണ്ടായിരുന്നു. അന്നും മൂന്നും മുസ്ലിം ലീഗ് അംഗങ്ങളായിരുന്നു.
കോഴിക്കോട് സൗത്തിൽനിന്ന് എം.കെ.മുനീർ, കൊടുവള്ളിയിൽനിന്ന് ഉമ്മർ മാസ്റ്റർ, തിരുവന്പാടിയിൽനിന്ന് സി.മോയിൻക്കുട്ടി എന്നിവരായിരുന്നു എംഎൽഎമാർ.
20 വർഷങ്ങൾക്കു മുൻപ് 2001-ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ജില്ലയിൽ അവസാനമായി കോൺഗ്രസിനു എംഎൽഎമാരുണ്ടായിരുന്നത്. എ.സുജനപാലും പി.ശങ്കരനും.
അതിനുശേഷം ജില്ലയിൽനിന്ന് കോൺഗ്രസിനും എംഎൽഎമാരുണ്ടായിട്ടില്ല. ഇക്കുറി ജില്ലയിൽനിന്ന് കോൺഗ്രസ് എംഎൽഎമാരുണ്ടായേ പറ്റൂ എന്ന നിശ്ചയദാർഢ്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതിനു അനുകൂലമായ പലഘടകങ്ങളുമുണ്ടെന്ന് ഇവർ കരുതുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു അടിപതറിയ കിഴക്കൻ മലയോരമേഖലയിലെ തിരുവന്പാടി മണ്ഡലം, ആർഎംപി ശക്തികേന്ദ്രമായ വടകര, സ്വർണകടത്തുകേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ കൊടുവള്ളി തുടങ്ങിയ സീറ്റുകൾ ഇക്കുറി നേടിയെടുക്കാനാകും എന്ന കണക്കുക്കൂട്ടലിലാണ് യുഡിഎഫ്. എന്നാൽ ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിച്ചുവരുന്നത്.
ഇവരിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് പകരം മറ്റു സീറ്റുകൾ നൽകിയുള്ള ഫോർമുലയാണ് യുഡിഎഫ് ഘടകകക്ഷികൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. എന്നാൽ മുസ്ലിംലീഗ് പോലുള്ള കക്ഷികൾ ഇതിനു വഴങ്ങിയിട്ടില്ല. സംസ്ഥാന നേതൃത്വം ഇടപ്പെട്ടാൽ ചിത്രം മാറിയേക്കും.
തിരുവന്പാടിയിൽ ടി.സിദ്ദിഖ് മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. തിരുവന്പാടി വിട്ടുനൽകില്ലെന്ന് മുസ്ലിംലീഗ് പ്രാദേശിക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കോഴിക്കോട് സൗത്തിൽനിന്നുള്ള എം.കെ.മുനീർ മണ്ഡലം മാറി തിരുവന്പാടിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് സൗത്തിൽ മുസ്ലിം ലീഗ് വനിതാ സ്ഥാർഥിയെ പരീക്ഷിക്കാനുമിടയുണ്ട്. വടകരയിൽ ആർഎംപി നേതാവ് കെ.കെ.രമയും മത്സരത്തിനു തയാറെടുക്കുന്നുണ്ട്. മുന്നണിക്കകത്ത് നടക്കുന്ന തുടർ ചർച്ചയിലാകും ചിത്രം വ്യക്തമാകുക.
ഇടതുപക്ഷത്തും ചർച്ച സജീവമായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ഹാങ്ങോവർ പ്രവർത്തനത്തെ ബാധിക്കരുതെന്ന സന്ദേശമാണ് പാർട്ടി അണികൾക്ക് നൽകുന്നത്.
ഇതിനായി പുതുമുഖങ്ങളായ യുവാക്കൾക്ക് അവസരം നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്. ഇടതുപക്ഷത്തെത്തിയ കേരള കോൺഗ്രസ്-എമ്മിനു ജില്ലയിൽ സീറ്റ് നൽകാനിടയില്ല. മാത്രമല്ല എൻസിപി മത്സരിക്കുന്ന എലത്തൂർ സിപിഎം ഏറ്റെടുക്കാനുമിടയുണ്ട്.
നാഷണൽ സെകുലർ കോൺഫറൻസ് മത്സരിക്കുന്ന കുന്നമംഗലത്തെ സംബന്ധിച്ചും ഇടതുപക്ഷത്തിനകത്ത് ചർച്ച സജീവമാണ്. സിപിഎം ഏറ്റെടുക്കണമെന്നാണ് അണികളുടെ വികാരം.
മാത്രമല്ല ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള ഇവിടെ സിപിഎമ്മിനെ കളത്തിലിറക്കണമെന്നാണ് ആവശ്യം. കൂടാതെ എൻസിപി,എൽജെഡി,ജനതാദൾ-എസ് തുടങ്ങിയ കക്ഷികളെ എങ്ങിനെ അനുനയിപ്പിക്കുമെന്ന കാര്യത്തിലും ഇടതുപക്ഷത്ത് ആശയകുഴപ്പമുണ്ട്.